മലപ്പുറം: ചക്രക്കസേരയെ ആശ്രയിക്കുന്ന ഭിന്നശേഷിക്കാരുടെ ഉന്നമനം ലക്ഷ്യമാക്കി ജില്ലാ ഭരണകൂടവും സ്പോർട്സ് കൗൺസിലും സംയുക്തമായി നടത്തുന്ന ചെസ് പരിശീലനം മലപ്പുറം, പെരിന്തൽമണ്ണ എന്നിവിടങ്ങളിൽ നടത്തി. കളക്ടർ വി.ആർ. വിനോദ് ഉദ്ഘാടനം നിർവഹിച്ചു.
മലപ്പുറം കോട്ടപ്പടി ജി.എൽ.പി. സ്‌കൂളിൽ നടന്ന പരിപാടിയിൽ മലപ്പുറം നഗരസഭാധ്യക്ഷൻ മുജീബ് കാടേരി അധ്യക്ഷത വഹിച്ചു. കൗൺസിലർ സി. സുരേഷ്, ഷിഹാബുദ്ദീൻ, സി. സുബ്രഹ്മണ്യൻ, പാലിയേറ്റീവ് നഴ്‌സ് ഷെറിൻ ജാഫർ എന്നിവർ പ്രസംഗിച്ചു.
പെരിന്തൽമണ്ണയിൽ നഗരസഭാ ഉപാധ്യക്ഷ നസീറ അധ്യക്ഷത വഹിച്ചു. ഹനീഫ മാടുമ്മൽ, അമ്പിളി മനോജ്, മൻസൂർ നെച്ചിയിൽ, കൗൺസിലർ സീനത്ത് തുടങ്ങിയവർ പ്രസംഗിച്ചു.
കാലഘട്ടത്തിന്റെ വെല്ലുവിളികളെ നേരിടാൻ ഭിന്നശേഷി വിഭാഗങ്ങളെക്കൂടി പ്രാപ്തരാക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമാക്കുന്നത്. ഇതിന്റെ ഭാഗമായി സേവനസന്നദ്ധരായ ചെസ് പരിശീലകരെ ഉപയോഗപ്പെടുത്തി തിരൂർ, കുറ്റിപ്പുറം എന്നിവിടങ്ങളിൽ പരിശീലനം നൽകിയിരുന്നു.