വേങ്ങര, തിരൂരങ്ങാടി, വള്ളിക്കുന്ന്, താനൂർ, തിരൂർ കോട്ടക്കൽ, പൊന്നാണി, തവനൂർ എന്നീ മണ്ഡലങ്ങളിലെ സ്വീകരണ യോകമാണ് തിരുരിൽ സമാപിച്ചത്
തദ്ദേശവകുപ്പ് മന്ത്രിസ്ഥാനം എം.വി. ഗോവിന്ദന് നൽകണം -രാജു അപ്‌സര
തിരൂർ : തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷിനെ മാറ്റി വകുപ്പ് എം.വി. ഗോവിന്ദന് നൽകണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്‌സര പറഞ്ഞു. കേരള വ്യാപാരി വ്യവസായി ഏകോപനസമിതി നടത്തുന്ന വ്യാപാരസംരക്ഷണ യാത്രയുടെ മലപ്പുറം ജില്ലാതല സമാപന സ്വീകരണസമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ജാഥയ്ക്ക് നേരത്തെ പെരിന്തൽമണ്ണയിലും മഞ്ചേരിയിലും സ്വീകരണം നൽകി.
ഐ.എ.എസ്. ഉദ്യോഗസ്ഥർ പറയുന്നിടത്ത് ഫയലിൽ ഒപ്പിട്ടുകൊടുക്കുന്നത് നാടിന് അപമാനമാണ്. കോർപ്പറേറ്റുകൾ ഉദ്യോഗസ്ഥരെ വിലയ്ക്കുവാങ്ങുകയാണിവിടെയെന്നും അദ്ദേഹം പറഞ്ഞു. വ്യാപാരികൾ രാഷ്ടീയപാർട്ടി ഉണ്ടാക്കില്ല. വ്യാപാരികളുടെ പ്രശ്നങ്ങൾ സർക്കാർ പരിഹരിച്ചില്ലെങ്കിൽ 71 ലക്ഷം വ്യാപാരികൾ തിരഞ്ഞെടുപ്പിൽ തിരിച്ചടിക്കും. മുഖ്യമന്ത്രി പിണറായി വിജയനിൽ സംഘടനയ്ക്ക് വലിയ വിശ്വാസമാണ്. പ്രശ്നങ്ങൾ പഠിച്ച് കാര്യങ്ങൾ ചെയ്യണം -രാജു അപ്‌സര പറഞ്ഞു.
യോഗം സംസ്ഥാന ട്രഷറർ എസ്. ദേവരാജൻ ഉദ്ഘാടനംചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് പി.പി. ബഷീർ അധ്യക്ഷതവഹിച്ചു. സംസ്ഥാന വർക്കിങ് പ്രസിഡന്റ് പി. കുഞ്ഞാവു ഹാജി, സംസ്ഥാന വൈസ് പ്രസിഡന്റ് ബാപ്പു ഹാജി കോഴിക്കോട്, അഡ്വ. എ.ജെ. റിയാസ് എറണാകുളം, യൂത്ത്‌വിങ് സംസ്ഥാന പ്രസിഡന്റ് സലീം രാമനാട്ടുകര, സംസ്ഥാന ജനറൽസെക്രട്ടറി അക്രം ചുണ്ടയിൽ, പി.എ. ബാവ, പി.പി. അബ്ദുറഹിമാൻ, മലബാർ ബാവ, സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എ. ഹമീദ് തൃശ്ശൂർ, വനിതാവിങ് സംസ്ഥാന പ്രസിഡൻറ് സുബൈദ നാസർ, ട്രഷറർ ജാസ്‌മിൻ എന്നിവർ പ്രസംഗിച്ചു. ടി. നസറുദ്ദീൻ സ്‌മാരക പുരസ്‌കാരം നേടിയ പി. കുഞ്ഞാവു ഹാജിയെ രാജു അപ്‌സര തലപ്പാവും പൂമാലയും നൽകി ആദരിച്ചു.
ഗംഭീര ഘോഷയാത്രയോടെയാണ് വ്യാപാരസംരക്ഷണ യാത്രയ്ക്ക് തിരൂരിൽ വ്യാപാരികൾ സ്വീകരണം നൽകിയത്