ഒന്നാം ക്ലാസിലേക്കുള്ള പ്രവേശനം നേടാനുള്ള ചുരുങ്ങിയ പ്രായം ആറ് വയസാക്കും. നിര്‍ദേശം കര്‍ശനമായി നടപ്പാക്കണമെന്ന് വിദ്യാഭ്യാസ മന്ത്രാലയം

അടുത്ത അധ്യയന വര്‍ഷം മുതല്‍ രാജ്യത്ത് ഒന്നാം ക്ലാസിലേക്കുള്ള പ്രവേശനം നേടാനുള്ള ചുരുങ്ങിയ പ്രായം ആറ് വയസാക്കും. വിദ്യാഭ്യാസ മന്ത്രാലയം ഈ ആശയം നേരത്തെ മുന്നോട്ടുവച്ചിരുന്നു. 2024-25 അധ്യയന വര്‍ഷം മുതല്‍ നിര്‍ദേശം കര്‍ശനമായി നടപ്പാക്കണമെന്ന് മന്ത്രാലയം സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും നിര്‍ദേശം നല്‍കി.

2023ലാണ് ആദ്യമായി ഈ നിര്‍ദേശം വിദ്യാഭ്യാസ മന്ത്രാലയം അവതരിപ്പിക്കുന്നത്. അടുത്ത സ്‌കൂള്‍ പ്രവേശനത്തില്‍ കുട്ടികളുടെ കുറഞ്ഞ പ്രായം ആറോ അതില്‍ കൂടുതലോ ആണെന്ന് ഉറപ്പുവരുത്തണമെന്ന് സ്‌കൂള്‍ വിദ്യാഭ്യാസ സാക്ഷരതാ വകുപ്പ് ജോയിന്റ് സെക്രട്ടറി അര്‍ച്ചന ശര്‍മ വ്യക്തമാക്കി.

ഫിന്‍ലാന്റ് ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ അവരുടെ വിദ്യാഭ്യാസ നയത്തില്‍ ഈ പ്രായനിബന്ധന കര്‍ശനമായി നടപ്പാക്കാറുണ്ട്. ഇന്ത്യയില്‍, ദേശീയ വിദ്യാഭ്യാസ നയം 2020ഉം സൗജന്യവും നിര്‍ബന്ധിതവുമായ വിദ്യാഭ്യാസത്തിനുള്ള കുട്ടികളുടെ അവകാശം (ആക്ട് 2009) എന്നിവ നിര്‍ദേശത്തെ പിന്തുണയ്ക്കുന്നുണ്ട്.

ഒരു കുട്ടിയുടെ തലച്ചോറിന്റെ 90 ശതമാനവും ആറ് വയസ്സാകുമ്പോഴേക്കും വികസിക്കുന്നുവെന്ന ശാസ്ത്രീയ പഠനത്തെ കൂടി അടിസ്ഥാനമാക്കിയാണ് നിര്‍ദേശം. കുട്ടിയുടെ സാമൂഹിക-വൈകാരിക പഠനം, സംഖ്യാശാസ്ത്രം, സാക്ഷരത, കല, വൈകാരിക നിയന്ത്രണം, സമപ്രായക്കാരുമായുള്ള ഇടപെടല്‍ എന്നിവയെസ്സാം ആറ് വയസ്സാകുമ്പോഴേക്കും വികസിക്കുന്നു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}