ജലബജറ്റൊരുക്കാൻ വേങ്ങര ബ്ലോക്ക് പഞ്ചായത്ത്

വേങ്ങര: ഹരിതകേരളം മിഷന്റെ ആഭിമുഖ്യത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ അടിസ്ഥാനമാക്കി നിർമ്മിക്കുന്ന ജലബജറ്റിന്റെ വേങ്ങര ബ്ലോക്ക് പഞ്ചായത്ത് കൺവെൻഷൻ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ സംഘടിപ്പിച്ചു. സംസ്ഥാന സർക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യമാണ് എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളേയും അടിസ്ഥാനമാക്കി ജലബജറ്റ് രേഖകൾ സാധ്യമാക്കുകയും തുടർന്ന് സൂക്ഷ്മതലത്തിൽ ജലസുരക്ഷ പ്രവർത്തനങ്ങൾ ആവിഷ്കരിക്കുകയും ചെയ്യുക എന്നത്. എല്ലാവർക്കും എല്ലാ മേഖലകളിലും പര്യാപ്തമായ നിലയിൽ ജലലഭ്യത ഉറപ്പാക്കി, എക്കാലവും കുടിവെള്ളം ലഭ്യമാകുന്ന, കൃഷി സാധ്യമാകുന്ന ജലസുരക്ഷിതമായ ഭാവി സാധ്യമാക്കാനുള്ള ആദ്യത്തെ ചുവടായാണ് ജലബജറ്റിനെ പരിഗണിക്കുന്നത്. വേങ്ങര ബ്ലോക്കിലെ ഏഴ് ഗ്രാമപഞ്ചായത്ത് തലങ്ങളിലും ജലലഭ്യതയും ജലവിനിയോഗവും ആവശ്യകതയും കാലാനുസൃതമായി സൂക്ഷ്മ തലത്തിൽ ജലബജറ്റ് രേഖയിൽൽ വിലയിരുത്തുന്നു. കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന് കീഴിലുള്ള കോഴിക്കോട് കുന്ദമംഗലത്തെ ജലവിഭവ വികസന വിനിയോഗ കേന്ദ്രമാണ് (KSCSTE-CWRDM) ജലബജറ്റിനായുള്ള സാങ്കേതിക സഹായങ്ങളൊരുക്കുന്നത്. കൺവെൻഷൻ വേങ്ങര  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. മണ്ണിൽ ബെൻസീറ ടീച്ചർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്  ശ്രീ. അബൂബക്കർ പുളിക്കൽ ചടങ്ങിന് അധ്യക്ഷത വഹിച്ചു. നവകേരളം കർമ്മപദ്ധതി റിസോഴ്സ് പേഴ്സൺമാരായ ശ്രീ. മൻസൂർ പന്തല്ലൂക്കാരൻ, ശ്രീ. ഗോകുൽ സി.എം. എന്നിവർ ജലബജറ്റ് നിർമ്മാണ പ്രവർത്തനങ്ങൾ സംബന്ധിച്ച് സാങ്കേതിക സെഷനുകൾ കൈകാര്യം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി. സഫിയ, ബ്ലോക്ക് പഞ്ചായത്തംഗം ശ്രീ. നാസർ പറപ്പൂർ, ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസർ ശ്രീമതി. സുജാത കെ.എം., ജോയിന്റ് ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസർ  ശ്രീ. സുനിൽ എന്നിവർ സംസാരിച്ചു. ഡോ. ശെൽവരാജ് ആർ. സംവിധാനം ചെയ്ത ജലസുരക്ഷയുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര പുരസ്കാരം ലഭിച്ച 'ലോക്കർ' എന്ന ഷോർട്ട് ഫിലിം പ്രദർശിപ്പിച്ചു. നാടിന്റെ ജലസുരക്ഷയിലേക്കുള്ള സുപ്രധാന ചുവട് വെപ്പായ ജലബജറ്റ് രേഖ നിർമ്മാണത്തിന് എല്ലാ പിന്തുണയും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ജലവിഭവ മേഖലയിലെ വിദഗ്ദരും വാഗ്ദാനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ഏഴ് ഗ്രാമ പഞ്ചായത്തുകളുടേയും പ്രതിനിധികൾ കൺവൻഷനിൽ പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}