ഉപയോഗംകഴിഞ്ഞ സാധനങ്ങൾ ശേഖരിച്ച് ആവശ്യക്കാർക്ക് നൽകി പെൺകൂട്ടായ്മ

വേങ്ങര: 25,000 മുതൽ ലക്ഷങ്ങൾവരെ വിലയുള്ളതാണ് പലരും വാങ്ങുന്ന വിവാഹവസ്ത്രങ്ങൾ. എന്നാൽ, ഏതാനും മണിക്കൂർകഴിഞ്ഞാൽ പിന്നെയതിന് ഉപയോഗമില്ല. പുതിയ വീടുവെക്കുന്നവർ പഴയ വീട് പൊളിക്കുമ്പോൾ ഓടും മരവുമൊക്കെയായി എന്തൊക്കെ സാധനങ്ങൾ ബാക്കിയാവും. അവയും പിന്നെ പാഴ്‌വസ്തുക്കൾ! പക്ഷേ, ഇതെല്ലാം കിട്ടിയാൽ അനുഗ്രഹമാകുന്നവർ നമ്മുടെ തൊട്ടടുത്ത വീടുകളിൽത്തന്നെ ഉണ്ടാകില്ലേ? അങ്ങനെയുള്ളവർക്ക് തുണയാകാൻ ഇതാ ഒരു പെൺകൂട്ടായ്മ.

ഊരകം ഗ്രാമപ്പഞ്ചായത്തിലെ വനിതാ കൂട്ടായ്മയായ റാഹാ റിലീഫ് സെൽ ആണ് നന്മയുടെ പുതിയ വഴിതുറന്നത്.

ഉപയോഗം കഴിഞ്ഞ വസ്ത്രങ്ങൾ, വീടു പുതുക്കിപ്പണിയുമ്പോൾ എടുത്തുമാറ്റുന്ന വാതിൽ, ജനൽ, മറ്റു മര ഉരുപ്പടികൾ, ഫർണിച്ചറുകൾ, ഇലക്ട്രോണിക്സ് ഉൾപ്പെടെയുള്ള ഗൃഹോപകരണങ്ങൾ തുടങ്ങി പുനരുപയോഗസാധ്യതയുള്ളതെന്തും സമാഹരിച്ച് അതില്ലാതെ ബുദ്ധിമുട്ടുന്നവർക്ക് എത്തിച്ചുനൽകുകയാണിവർ. വിവാഹവസ്ത്രങ്ങൾ ഉപയോഗശേഷം തിരിച്ചേൽപ്പിക്കാമെന്ന വ്യവസ്ഥയിലും മറ്റുള്ളവ സൗജന്യമായുമാണ് നൽകുന്നത്. ഏഴുമാസംമുമ്പാണ് ഈ സംരംഭം തുടങ്ങിയതെന്ന് ഇതിനു നേതൃത്വംനൽകുന്ന സൗദ അബുത്വാഹിർ പറഞ്ഞു.

ഇതിനകം നൂറോളം വിവാഹങ്ങളിൽ വിവാഹവസ്ത്രമുൾപ്പെടെ നൽകാനായി. നിർധനർ നിർമിക്കുന്ന പത്തിലധികം വീടുകൾക്ക് മര ഉരുപ്പടികളും മറ്റും എത്തിച്ചുനൽകി.

സൗദയുടെ ഒരനുഭവത്തിൽനിന്നുതന്നെയാണ് ഈ ആശയമുണ്ടാകുന്നത്. വീട്ടിൽ ഭിക്ഷ യാചിച്ചത്തുന്നവരിൽപ്പലരും വസ്ത്രങ്ങൾ ആവശ്യപ്പെട്ടതോടെ വീടിനുപുറത്ത് കുറേ വസ്ത്രങ്ങൾ ബക്കറ്റുകളിലാക്കി ഇട്ടുവെക്കാറുണ്ടായിരുന്നു.

ഓരോ സാധനങ്ങളും ഇല്ലാതെ വിഷമിക്കുന്നവരെ സഹായിക്കാനൊരു സംരംഭം തുടങ്ങിയാലെന്താ എന്ന ചിന്തയുണ്ടായത് ഇതിൽനിന്നാണ്. പഞ്ചായത്ത് വനിതാ ലീഗിന്റെ നേതൃത്വത്തിൽ സഹപ്രവർത്തകരുമായിച്ചേർന്ന് റാഹ റിലീഫ് സെൽ പിറക്കുന്നത് അങ്ങനെയാണ്.

എല്ലാ മാസവും 25-ന് ഊരകം കുന്നത്തുള്ള ഓഫീസിൽ സമാഹരിച്ച സാധനങ്ങളുടെ വിതരണവും നടക്കും. വി. മൈമൂനത്ത്, സലീന പരി, ജംഷീന പാങ്ങാട്ട്, ഷക്കീല അത്തോളി എന്നിവരാണ്‌ സംരംഭത്തിനു നേതൃത്വംനൽകുന്ന മറ്റുള്ളവർ.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}