മലപ്പുറം: മലപ്പുറം വേങ്ങരയിൽ വെച്ച് മെയ് 18 ന് നടക്കുന്ന കേരള മദ്യനിരോധന സമിതി 46-ാം സംസ്ഥാന സമ്മേളനം ലഹരിക്കെതിരെ പുതിയൊരു പോരാട്ട മുഖം തുറക്കുമെന്ന് കേരള മദ്യനിരോധന സമിതി സംസ്ഥാന കമ്മിറ്റി അഭിപ്രായപ്പെട്ടു. മദ്യവും മറ്റു മയക്കു വസ്തുക്കളും ഒഴുക്കി കേരളത്തിന്റെ പൈതൃകത്തെയും സംസ്കാരത്തെയും തകർക്കുന്ന ഹീനമായ മദ്യനയമാണ് സർക്കാർ പിന്തുടരുന്നത്. മദ്യത്തിന്റെ അതിപ്രസരം സാധാരണക്കാരന്റെ കുടുംബ ബജറ്റിനെ തകർക്കുന്നതും കുടുംബങ്ങളിൽ അശാന്തിയും ദാരിദ്ര്യവും വിതയ്ക്കുന്നതുമാണെന്ന് സമിതി കുറ്റപ്പെടുത്തി.
ലഹരിക്കെതിരെ ഉണർത്തുപാട്ടായി മാറുന്ന 46-ാം സംസ്ഥാന സമ്മേളനം സമ്പൂർണ്ണ മദ്യനിരോധനമെന്ന മുദ്രാവാക്യമാണ് മുന്നോട്ടുവെയ്ക്കുന്നത്. പുതിയ മദ്യഷാപ്പുകൾ അനുവദിക്കാതിരിക്കുക , പൂട്ടിയ മദ്യഷാപ്പുകൾ തുറക്കാതിരിക്കുക, നിലവിലുള്ള മദ്യശാലകൾ ഘട്ടം ഘട്ടമായി അടച്ചുപൂട്ടുക, പഴവർഗ്ഗങ്ങളിൽ നിന്നും കപ്പയിൽ നിന്നും മദ്യം ഉൽപ്പാദിപ്പിക്കാനുള്ള നീക്കത്തിൽ നിന്ന് പിന്മാറുക എന്നീ ആവശ്യങ്ങൾ യുദ്ധ കാലാടിസ്ഥാനത്തിൽ നടപ്പാക്കണമെന്ന് സമിതി ആവശ്യപ്പെടുന്നു .
46-ാം സംസ്ഥാന സമ്മേളനം ജനാബ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡണ്ട് പ്രൊഫസർ ടി.എം രവീന്ദ്രൻ അധ്യക്ഷനായിരിക്കും. പ്രതിപക്ഷ ഉപനേതാവ് ജനാബ് പി.കെ കുഞ്ഞാലിക്കുട്ടി, എ.പി അനിൽകുമാർ എം.എൽ.എ, ബിഷപ്പ് ഡോ. റോയ്സ് മനോജ് വിക്ടർ, ഡോ. ഹുസൈൻ മടവൂർ, ബ്രഹ്മകുമാരി ബീന ബഹൻ, ശബരിമല മുൻമേൽശാന്തി പി. എം. മനോജ് എമ്പ്രാന്തിരി, മന്മഥൻ ജി യുടെ ചെറുമകൻ ആർ. രഘു,ആലങ്കോട് ലീലാകൃഷ്ണൻ,മലപ്പുറം ഡിസിസി പ്രസിഡണ്ട് വി. എസ് ജോയ് എന്നിവർ മുഖ്യാതിഥികൾ ആയിരിക്കും.
സാമൂഹ്യ ജീവകാരുണ്യ രംഗത്തെയും , ലഹരി വിരുദ്ധ പ്രവർത്തനരംഗത്തെയും സംഭാവനകൾ പരിഗണിച്ച് ശ്രീ കലയപുരം ജോസിന് യോഗത്തിൽ വെച്ച് മന്മഥൻ ജി അവാർഡ് സമ്മാനിക്കും. മികച്ച സംഘടന പ്രവർത്തനങ്ങൾ നടത്തിയ ജില്ലകൾക്കും അവാർഡുകൾ നൽകും. വമ്പിച്ച ജനപങ്കാളിത്തത്തോടെ നടത്തപ്പെടുന്ന റാലി സമ്മേളനത്തിന്റെ മുഖ്യാകർഷണമായിരിക്കുമെന്നും ഭാരവാഹികളായ സ്വാഗതസംഘം ചെയർമാൻ ജ.കെ.കെ മൻസൂർ കോയ തങ്ങൾ, സംസ്ഥാന ജനറൽ സെക്രട്ടറി സഖറിയാസ് തേക്കുംകാട്ടിൽ,സംസ്ഥാന സമ്മേളന കോ-ഓർഡിനേറ്റർ ഏട്ടൻ ശുകപുരം, ജില്ല പ്രസിഡണ്ട് അസൈനാർ ഊരകം, സംസ്ഥാന ട്രഷറർ സിദ്ദിഖ് മൗലവി അയിലക്കാട്, വനിത വിഭാഗം സംസ്ഥാന പ്രസിഡണ്ട് പ്രൊഫ. ഒ.ജെ ചിന്നമ്മ, സംസ്ഥാന ഭാരവാഹികളായ പി. മോഹനകുമാരൻ, ആർട്ടിസ്റ്റ് ശശികല, ചന്ദ്രബാബു കൊല്ലം, മേഴ്സി ജോയി, വെള്ള സോമൻ, ടെസ്സി സിബി കൈതയ്ക്കൽ, കെ. ടി. എ. മജീദ്, ഉദയകുമാർ, അടാട്ടു വാസുദേവൻ, മുഹമ്മദ് റാഫി, അഷ്റഫ് വേങ്ങര, സത്യൻ മാസ്റ്റർ എന്നിവർ അറിയിച്ചു.