കുടിവെള്ള പ്രതിസന്ധി, കല്ലക്കയത്തെ മണൽതിട്ട നീക്കണമെന്ന് പഞ്ചായത്ത്

പറപ്പൂർ: ബാക്കിക്കയം തടയണ നിലവിൽ വന്നിട്ടും പറപ്പൂർ കല്ലക്കയത്ത് മണൽതിട്ട കാരണം ഉടലെടുത്ത പ്രതിസന്ധി പരിഹരിക്കണമെന്ന് പറപ്പൂർ പഞ്ചായത്ത് ഭരണസമിതി ആവശ്യപ്പെട്ടു. 20 കോടി രൂപയുടെ ബാക്കിക്കയം റഗുലേറ്റർ വരുന്നതിന് മുമ്പ് പറപ്പൂർ കല്ലക്കയത്ത് നിർമ്മിച്ച തടയണ പ്രയോജനപ്പെടുത്തിയായിരുന്നു വേങ്ങര, ഊരകം, പറപ്പൂർ, കണ്ണമംഗലം പഞ്ചായത്തുകളിലെ 25000ത്തിലധികം കുടുംബങ്ങൾക്ക് ജലനിധി കുടിവെള്ളം നൽകിയിരുന്നത്. എന്നാൽ 2018, 19 വർഷങ്ങളിലെ പ്രളയത്തെ തുടർന്ന് കല്ലക്കയം തടയണയുടെ കിഴക്ക് ഭാഗത്ത് മണൽ അടിഞ്ഞ് കുട്ടി. ആറ് മീറ്റർ ഉണ്ടായിരുന്ന തടയണയിൽ അഞ്ച് മീറ്ററിലധികം മണൽ കുമിഞ്ഞ് കൂടി വെള്ളം തടഞ്ഞ് നിൽക്കാൻ പറ്റാത്ത അവസ്ഥയുണ്ടായി. രണ്ടായിരത്തിലധികം ലോഡ് മണലാണ് നൂറ് മീറ്ററിലധികം ദൂരത്തിൽ കെട്ടിക്കിടക്കുന്നത്. അതേ സമയം തടയണയുടെ പടിഞ്ഞാറ് ഭാഗത്ത് വെള്ളം കെട്ടി നിൽക്കുകയുമാണ്. മണൽതിട്ട കാരണം ജലനിധിയുടെ പമ്പിംഗ് 10 ശതമാനം മാത്രമെ നടക്കുന്നുള്ളൂ. അടിയന്തരമായി മണൽതിട്ട നീക്കണമെന്ന് പറപ്പൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതി പ്രത്യേക യോഗം ചേർന്ന് ആവശ്യപ്പെട്ടു. പഞ്ചായത്ത് പ്രസിഡൻറ് കെ.അംജദ ജാസ്മിൻ, വൈസ് പ്രസിഡൻറ് ഇ.കെ സൈദുബിൻ, സ്ഥിരം സമിതി ചെയർപേഴ്സൺ പി.ടി റസിയ എന്നിവർ പി.കെ കുഞ്ഞാലിക്കുട്ടി എം.എൽ.എ, ജില്ലാ കളക്ടർ വി.ആർ വിനോദ് എന്നിവർക്ക് നിവേദനവും നൽകി.പ്രശ്നത്തിന് പരിഹാരം കാണാമെന്ന് അധികൃതർ ഉറപ്പ് നൽകിയതായി ഭരണ സമിതി അറിയിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}