വേങ്ങര: ഒരു കോടി എട്ട് ലക്ഷം രൂപ തട്ടിയെടുത്ത ഓൺലൈൻ ട്രേഡിംഗ് തട്ടിപ്പുകാർക്ക് സിം കാർഡ് എത്തിച്ചു കൊടുക്കുന്ന മുഖ്യ സൂത്രധാരൻ അറസ്റ്റിൽ.
ഓൺലൈൻ വ്യാജ ഷെയർമാർക്കറ്റ് സൈറ്റിലൂടെ വേങ്ങര സ്വദേശിക്കാണ് ഒരു കോടി എട്ട് ലക്ഷം രൂപ നഷ്ടമായത്. തട്ടിപ്പ് സംഘത്തിന് സിംകാർഡുകൾ സംഘടിപ്പിച്ച് നൽകുന്ന മുഖ്യസൂത്രധാരനായ കർണാടക സ്വദേശി അബ്ദുൾ റോഷൻ ആണ് മടിക്കേരിയിലെ വാടക ക്വർട്ടേഴ്സിൽ നിന്നും പിടിയിലായത്.
വേങ്ങര സ്വദേശിയായ യുവാവ് ഫേസ്ബുക്ക് പേജിലെ ഷെയർമാർക്കറ്റ് സൈറ്റിന്റെ ലിങ്ക് ക്ലിക്ക് ചെയ്ത സമയം ഷെയർമാർക്കറ്റ് സൈറ്റിന്റെ കസ്റ്റമർ കെയർ എന്ന വ്യാജേന വാട്സാപ്പിൽ ഒരു സ്ത്രീയുടെ പ്രൊഫൈൽ പിക്ചർ വെച്ച് ട്രേഡിംഗ് വിശദാംശങ്ങൾ നൽകുകയും അതിനായി വമ്പൻ ഓഫറുകൾ നൽകി പരാതിക്കാരനെ കൊണ്ട് നിർബന്ധിച്ച് ഒരു കോടി എട്ട് ലക്ഷം രൂപ വിവിധ ബാങ്ക് അക്കൌണ്ടുകളിൽ ഡെപ്പോസിറ്റ് ചെയ്യിപ്പിക്കുകയായിരുന്നു.
ലാഭവിഹിതം നൽകാതെ പരാതിക്കാരാനെ കബളിപ്പച്ച് പണം തട്ടിയെന്നാണ് വേങ്ങര പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത പരാതിയിൽ പറയുന്നത്. ഇതേ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്.
മലപ്പുറം ജില്ലാ പോലീസ് മേധാവി എസ് ശശിധരന്റെ ഉത്തരവ് പ്രകാരം കേസിന്റെ അന്വേഷണത്തിന് പ്രത്യേക സൈബർ ക്രൈം സ്ക്വാഡിനെ നിയോഗിച്ചു. നൂതന സൈബർ ടെക്നോളജി ഉപയോഗിച്ച് സൈബർ ക്രൈം സ്ക്വാഡ് നടത്തിയ അന്വേഷണത്തിലാണ് സിംകാർഡുകൾ സംഘടിപ്പിച്ച് നൽകുന്ന പ്രതിയെ പറ്റി സംഘത്തിന് സൂചന ലഭിച്ചത്. ഈ അടിസ്ഥാനത്തിൽ സംഘം കർണ്ണാടക സംസ്ഥാനത്തിലെ വിവിധ സ്ഥലങ്ങളിൽ അന്വേഷണം നടത്തിയതിൽ, കൊടക് ജില്ലയിലെ മടിക്കേരിയിലെ ഒരു വാടക വീട്ടിൽ പ്രതി താമസിക്കുന്നുണ്ടെന്ന വിവരം ലഭിച്ചു. തുടർന്ന് സ്ഥലത്തെത്തി കർണ്ണാടക പോലീസിന്റെ സഹായത്തോടെ പ്രതിയെ കസ്ററഡിയിലെടുക്കുകയായിരുന്നു.
പരിശോധന നടത്തിയ സമയം വിവിധ മൊബൈൽ കമ്പനികളുടെ നാൽപ്പതിനായിരത്തോളം സിംകാർഡുകളും 180 തിൽപരം മൊബൈൽ ഫോണുകളും പ്രതിയിൽ നിന്നും കണ്ടെടുത്തു. ഇയാളുടെ കൂട്ടാളികളെ കുറിച്ച് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
സിം കാർഡ് എടുക്കുന്നതിന് വേണ്ടി റീട്ടെയിൽ ഷോപ്പിൽ എത്തുന്ന സമയം കസ്റ്റമർ അറിയാതെ ഫിംഗർ പ്രിന്റ് രണ്ടോ മൂന്നോ പ്രാവശ്യം ബയോ മെട്രിക് പ്രസ്സ് ചെയ്പ്പിക്കുന്നതാണ് പതിവ്. അത്തരത്തിൽ ആക്ടീവ് ആകുന്ന സിം കാർഡുകൾ പ്രതിയുടെ സുഹൃത്തുക്കളായ ഷോപ്പിലെ സ്റ്റാഫ് വഴി ഒരു സിംകാർഡിന് 50 രൂപ കൊടുത്തു വാങ്ങുന്നതാണ് പതിവ്. ഇതിനായി പ്രതി കള്ളപ്പേരിൽ വിവിധ മൊബൈൽ കമ്പനികളുടെ POS ആപ്ളിക്കേഷനുകൾ വിവിധ ആളുകളുടെ പേരിൽ കരസ്ഥമാക്കുകയാണ് ചെയ്ത് വരുന്ന രീതി. കൂടാതെ വിവിധ റീട്ടെയിൽ ഷോപ്പുകളിൽ നിന്നും കൊറിയർ മുഖാന്തിരവും പ്രതി സിംകാർഡ് കരസ്ഥമാക്കുന്നുണ്ട്, സിം കാർഡുകൾ ആക്ടീവായതിന് ശേഷം പ്രതി തട്ടിപ്പുകാർക് ആവശ്യാനുസരണം സിം കാർഡ് ഒന്നിന് 50 രൂപ നിരക്കിൽ കൈമാറ്റം ചെയ്യുന്നു.
പ്രതിയെ മലപ്പുറം കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. പ്രതി മറ്റേതെങ്കിലും കുറ്റകൃത്യങ്ങൾക്ക് ഇത്തരം സിംകാർഡുകൾ ഉപയോഗിച്ചിട്ടുണ്ടോ എന്നും മറ്റും അറിയുന്നതിനായി കൂടുതൽ ചോദ്യം ചെയ്യുന്നതിനായി പ്രതിയെ കസ്റ്റഡിയിൽ വാങ്ങിക്കുമെന്ന് സൈബർ ഇൻസ്പെക്ടർ അറിയിച്ചു.