ഷവർമയ്ക്കൊപ്പമുള്ള പച്ചമുളകിന്റെ വലിപ്പം കുറഞ്ഞെന്നു പറഞ്ഞ് ബേക്കറി ഉടമകൾക്ക് ക്രൂര മർദ്ദനം.

പുത്തനത്താണി: കുട്ടിക്കളത്താണിയിൽ പ്രവർത്തിക്കുന്ന എൻ ജെ ബേക്ക്സ് & കഫേയിൽ കഴിഞ്ഞ ദിവസം രാത്രി 7.30 ഓടെയാണ് അക്രമ സംഭവങ്ങൾ അരങ്ങേറിയത്.

കാറിൽ ബേക്കറിയ്ക്കു മുന്നിലെത്തിയ നാലംഗ സംഘം വാഹനത്തിൽ ഇരുന്നു തന്നെ രണ്ട് സാൻവിച്ചും രണ്ട് ഷവർമയും ഓർഡർ ചെയ്തു. തുടർന്ന് സാൻവിച്ച് ക്യാൻസൽ ചെയ്യുകയും ഓർഡർ ചെയ്ത ഷവർമയുമായി കടയുടമ കരീം കാറിന് സമീപമെത്തി നൽകുകയും ചെയ്തു.
ശേഷമാണ് ഷവർമയിലെ മുളകെടുത്ത് കാണിച്ച് സംഘം പ്രശ്നങ്ങൾക്ക് തുടക്കമിട്ടത്. ഇത്ര ചെറിയ മുളകാണോ ഷവർമയ്ക്കൊപ്പം നൽകുന്നതെന്നായിരുന്നു സംഘത്തിൻ്റെ ചോദ്യം.
പിന്നാലെ നിങ്ങൾ എവിടുത്തുകാരാണെന്ന് ചോദിക്കുകയും സംഘം അക്രമം അഴിച്ചു വിടുകയുമായിരുന്നുവെന്ന് കടയുടമ കരീം പറയുന്നു.

കരീമിനെ കാറിലുണ്ടായിരുന്ന ഇരുമ്പ് വടിയെടുത്ത് സംഘം അടിക്കുകയും
മക്കളായ സബീൽ, അജ്മൽ എന്നിവരെ കടിച്ച് പരുക്കേൽപ്പിക്കുകയും ചവിട്ടിയതായും പറയുന്നു. ശേഷം നാട്ടുകാർ കൂടിയതോടെ സംഘം കടന്നു കളയുകയായിരുന്നു.

വയനാട് മേപ്പാടി കുന്നംപറ്റ സ്വദേശികളായ കരീം മക്കളായ സബീൽ, അജ്മൽ എന്നിവർ ചേർന്ന് മൂന്ന് മാസമായി കട നടത്തി വരികയായിരുന്നു.
സംഭവത്തിൽ കൽപ്പകഞ്ചേരി പൊലീസ് കേസെടുത്തിട്ടുണ്ട്.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}