നിലമ്പൂർ: തെക്കേ ഇന്ത്യയിലെ പ്രസിദ്ധമായ ഊട്ടി പുഷ്പമേളയ്ക്ക് ഊട്ടിയിലെ ഗവ. ബൊട്ടാണിക്കൽ ഗാർഡനിൽ വെള്ളിയാഴ്ച തുടക്കമാകും. 126-ാമത് പുഷ്പമേളയാണ് ഈ വർഷം നടക്കുന്നത്. 55 ഏക്കറിലായി വ്യാപിച്ചുകിടക്കുന്ന ഊട്ടി ഗവ. ബൊട്ടാണിക്കൽ ഗാർഡനിൽ നടക്കുന്ന മേള മേയ് 10 മുതൽ 20 വരെയാണ്.
ഗാർഡനിലെ തന്നെ നഴ്‌സറികളിലുണ്ടാക്കിയ വിവിധ ഇനങ്ങളിലുള്ള പൂക്കൾ മേളയ്ക്ക് മാറ്റു കൂട്ടും. ലക്ഷക്കണക്കിന് സന്ദർശകരാണ് മേളയുടെ ഭാഗമായി ഊട്ടി സന്ദർശിക്കുന്നത്. മേയ് ആദ്യവാരത്തിൽ കോത്തഗിരിയിലും തുടർന്ന് ഗൂഡല്ലൂരിലും നടക്കുന്ന പച്ചക്കറിമേള, സുഗന്ധദ്രവ്യമേള എന്നിവ ഈ വർഷം തിരഞ്ഞെടുപ്പ് വന്നതിനാൽ മാറ്റിവെച്ചിരുന്നു. പുഷ്പമേളയ്ക്കു ശേഷം കൂനൂരിലെ സിംസ് പാർക്കിൽ പഴങ്ങളുടെ മേള നടത്തുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. തമിഴ്നാട് സർക്കാരും ഹോർട്ടി കൾച്ചർ വകുപ്പും, കൃഷിവകുപ്പും വിവിധ സംഘടനകളും ചേർന്നാണ് പുഷ്പമേളയും പഴങ്ങളുടെ മേളയും നടത്തുന്നത്.