കോട്ടയ്ക്കൽ : സൂപ്പർ ലീഗ് കേരള സീസൺ ഒന്നിൽ പ്രഖ്യാപിച്ച ആറു ഫുട്ബോൾ ക്ലബ് ഫ്രാഞ്ചൈസികളിൽ ഒന്നായ മലപ്പുറത്തെ പ്രതിനിധീകരിക്കുന്ന മലപ്പുറംഎഫ്.സി.യുടെ (മലപ്പുറം ഫുട്ബോൾ ക്ലബ്) ഓഫീസ് ഞായറാഴ്ച കോട്ടയ്ക്കലിൽ തുറന്നു. ചങ്കുവെട്ടിയിൽ സർക്കാർ വിശ്രമമന്ദിരത്തിന് എതിർവശം പി.കെ.ബി. ടവറിലാണ് ഓഫീസ് പ്രവർത്തനമാരംഭിച്ചത്. പ്രൊഫ. ആബിദ്ഹുസൈൻ തങ്ങൾ എം.എൽ.എ. ഉദ്ഘാടനംചെയ്തു.
മലപ്പുറം എഫ്.സി.യിലൂടെ ജില്ലയിലെ ഫുട്ബോൾ താരങ്ങൾക്ക് ഏറെ അവസരങ്ങൾ ലഭിക്കുമെന്നും ജില്ലയുടെ ഫുട്ബോളിന്റ പേരും പെരുമയും ഇതിലൂടെ ലോകമെങ്ങും വ്യാപിക്കുമെന്നും ആബിദ്ഹുസൈൻ തങ്ങൾ പറഞ്ഞു. ചടങ്ങിൽ ദുബായ് ഗ്രാൻഡ് ഹൈപ്പർമാർക്കറ്റ് എം.ഡി. ഡോ. അൻവർ അമീൻ ചേലാട്ട് അധ്യക്ഷതവഹിച്ചു.
To advertise here, Contact Us
സെപ്‌റ്റംബർ ഒന്നിന് തുടങ്ങുന്ന ലീഗിൽ മലപ്പുറം എഫ്.സി. ഉയർന്നുവരുമെന്നാണ് പ്രതീക്ഷയെന്നും 19 ദേശീയതാരങ്ങളും ആറു വിദേശതാരങ്ങളുമാണ് മലപ്പുറം എഫ്.സി.യിലുണ്ടാകുകയെന്നും കോച്ചിങ് ഗ്രൗണ്ട് കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലും ഹോം ഗ്രൗണ്ട് പയ്യനാട് സ്റ്റേഡിയവുമായിരിക്കുമെന്നും ഡോ. അൻവർ അമീൻ ചേലാട്ട് പറഞ്ഞു.
കെ.എഫ്.എ. പ്രസിഡൻറ് നവാസ് മീരാൻ, മലപ്പുറം ജില്ലാ സ്‌പോർട്സ് കൗൺസിൽ പ്രസിഡന്റ് വി.പി. അനിൽ, റിട്ട. എസ്.പി. യു. അബ്ദുൾകരീം, മയൂര ജലീൽ, ജംഷിദ് പി. ലില്ലി, കള്ളിയത്ത് അൻവർ സാദത്ത്, അജ്ഫാൻ മുഹമ്മദ്കുട്ടി, സക്കീർഹുസൈൻ, എ.പി. ആസാദ്, കേരള ഒളിമ്പിക് അസോസിയേഷൻ ജില്ലാപ്രസിഡന്റ് യു. തിലകൻ, ബിസ്‌മി ഗ്രൂപ്പ് എം.ഡി. അജ്മൽ ബിസ്‌മി, നബീൽ നീലാമ്പ്ര, ദുബായ് ഗ്രാൻഡ് ഹൈപ്പർ മാർക്കറ്റ് ചെയർമാൻ എ.പി. ഷംസുദ്ദീൻ, കെ.ആർ. ഗ്രൂപ്പ് ചെയർമാൻ കെ.ആർ. ബാലൻ, വി.കെ. അഷ്റഫ്, ആഷിക്ക് കൈനിക്കര എന്നിവർ പ്രസംഗിച്ചു.