വേങ്ങര: വേനലവധിക്കുശേഷം തിങ്കളാഴ്ച സ്‌കൂൾ തുറക്കാനിരിക്കെ വിപണി സജീവമായി. മേയ് പകുതിയോടെ തിരക്കുതുടങ്ങിയ കടകളിൽ അവസാനദിവസങ്ങളിലും തിരക്കേറി.
സ്റ്റേഷനറി, ഫാൻസി, ബുക്‌സ്റ്റാൾ, തുണിക്കടകൾ എന്നിവിടങ്ങളിലാണ് കുട്ടികളും രക്ഷിതാക്കളും ഒരുപോലെയെത്തുന്നത്. എട്ടാംക്ലാസ് വരെ പാഠപുസ്തകവും യൂണിഫോമും സൗജന്യമായി ലഭിക്കുന്നതിനാൽ ബാക്കിയുള്ള സാധനങ്ങൾക്കാണ് തിരക്ക് കൂടുതൽ.
സഹകരണസംഘങ്ങൾ, സന്നദ്ധസംഘടനകൾ, മറ്റു ചെറുകിടയൂണിറ്റുകൾ തുടങ്ങിയവർ കിഴിവോടെയും കിറ്റുകളായും ആവശ്യക്കാർക്ക് സാധനങ്ങളെത്തിക്കുന്നുണ്ട്. ജില്ലയുടെ അതിർത്തിപ്രദേശങ്ങളിൽനിന്ന് കുന്നംകുളത്തെ തൂക്കിവിൽക്കുന്ന കേന്ദ്രങ്ങളിൽ നോട്ടുപുസ്‌കങ്ങൾ വാങ്ങാൻ പോകുന്നവരുമുണ്ട്. അധ്യാപകരുടെ നിർദേശപ്രകാരം ‘പർച്ചേസ്’ നടത്താനിരിക്കുന്നവർ വേറെയുമുണ്ട്.