രണ്ടു മാസത്തെ വേനലവധിക്കുശേഷം വിദ്യാലയങ്ങളിൽ തിങ്കളാഴ്ച പ്രവേശനോത്സവത്തോടെ ക്ലാസുകൾ ആരംഭിക്കുകയാണ്.
സർക്കാരിന്റെ നിർദേശങ്ങൾ പാലിച്ച് ഹരിത പ്രോട്ടോക്കോൾ പ്രകാരമാണ് പ്രവേശനോത്സവം നടക്കുക.
അക്ഷരമുറ്റത്ത് എത്തുന്ന നവാഗതരെ സ്വാഗതം ചെയ്യാനായി വൈവിധ്യമാർന്ന പ്രവേശനോത്സവ പരിപാടികളാണ് വിദ്യാലയങ്ങളിൽ ഒരുക്കിയിട്ടുള്ളത്.
പരിഷ്കരിച്ച പാഠപുസ്തകങ്ങൾ ഉൾപ്പെടെയുള്ളവ സ്കൂൾ തുറക്കുന്നതിനുമുന്നേ വിദ്യാർഥികൾക്ക് നൽകണമെന്നാണ് പ്രഥമാധ്യാപകർക്ക് ലഭിച്ചിട്ടുള്ള നിർദേശം.
കൈത്തറി യൂണിഫോമിന്റെ വിതരണവും പൂർത്തിയായിവരുന്നു. സ്കൂൾ കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി സ്‌കൂൾ തുറക്കുന്നതിനുമുമ്പേ കെട്ടിട ഫിറ്റ്നസ് സർട്ടിഫിക്കറ്റ് വാങ്ങണം. കുടിവെള്ള പരിശോധന നടത്തി അപാകങ്ങൾ പരിഹരിക്കാനും കർശന നിർദേശം ബന്ധപ്പെട്ടവർ നൽകിയിട്ടുണ്ട്.
പാചക തൊഴിലാളികൾ മെഡിക്കൽ ഫിറ്റ്നസ് ഹാജരാക്കണമെന്നും അധികാരികളുടെ നിർദേശമുണ്ട്.
സ്കൂൾ പ്രവേശനോത്സവദിവസംതന്നെ രക്ഷിതാക്കൾക്ക് ബോധവത്കരണക്ലാസും സംഘടിപ്പിക്കണം. വിദ്യാർഥികളുടെ ഗതാഗതസുരക്ഷ ഉറപ്പാക്കുന്നതിന് മോട്ടോർവാഹന വകുപ്പും നടപടികളെടുത്തിട്ടുണ്ട്.