തിരൂരങ്ങാടി: ദേവീസ്മരണകളിൽ നിറഞ്ഞ് ചെണ്ടകൊട്ടി കളിയാട്ടക്കാവിലെത്തിയ ആയിരങ്ങൾ മൂന്നിയൂർ കളിയാട്ടക്കാവിൽ സംഗമിച്ചു. കളിയാട്ടക്കാവ് അമ്മാഞ്ചേരി ഭഗവതീക്ഷേത്രത്തിലെ കളിയാട്ട ഉത്സവത്തിന്റെ പ്രധാന ചടങ്ങായ കോഴിക്കളിയാട്ടവും പകൽക്കളിയാട്ടവുമാണ് വെള്ളിയാഴ്ച നടന്നത്.
രാവിലെ ആചാരപ്രകാരം സംബവ മൂപ്പന്റെ നേതൃത്വത്തിലുള്ള സംഘം ആദ്യം ക്ഷേത്രത്തിൽ പ്രവേശിച്ച് കാവുതീണ്ടൽ കർമ്മം നടത്തി. തുടർന്ന് കാവുടയനായർ മുറത്തിലിരുന്ന് കുതിരപ്പണം വാങ്ങി പൊയ്‌ക്കുതിരകളുടെ ഓലചീന്തി ക്ഷേത്രത്തോടുചേർന്നുള്ള കുതിരപ്ലാക്കൽ തറയിൽ പൊയ്‌ക്കുതിരകളെ തച്ചുടയ്ക്കുന്നതിനുള്ള അനുവാദം നൽകി. വേങ്ങര ലൈവ്. ഉച്ചയോടെ വിവിധ ദേശങ്ങളിൽനിന്നുള്ള പൊയ്‌ക്കുതിരസംഘങ്ങൾ എത്തിത്തുടങ്ങിയതോടെ കളിയാട്ടക്കാവിൽ ആയിരങ്ങൾ സംഗമിച്ചു.
പൈങ്ങാംകുളം, ഭഗവതി വിശ്രമിക്കാനിരുന്നെന്ന് വിശ്വസിക്കുന്ന ആൽത്തറ എന്നിവ ചുറ്റിയാണ് പൊയ്‌ക്കുതിര സംഘങ്ങൾ ക്ഷേത്രത്തിലെത്തിയത്. ക്ഷേത്രത്തെ വലംവെച്ച സംഘങ്ങൾ ആചാരപൂർവം ദക്ഷിണ നൽകുകയും പൊയ്‌ക്കുതിരകളെ തച്ചുടയ്ക്കുകയും ചെയ്തു. രാത്രിയോടെയാണ് പൊയ്‌ക്കുതിരസംഘങ്ങളുടെ വരവ് അവസാനിച്ചത്.
ക്ഷേത്രം ഭാരവാഹികൾ, കോടതി റിസീവർമാർ, പോലീസ് തുടങ്ങിയവരുടെ മേൽനോട്ടത്തിൽ വിപുലമായ സൗകര്യങ്ങളും ക്രമീകരണങ്ങളും കളിയാട്ടത്തോടനുബന്ധിച്ച് നടത്തിയിരുന്നു.
കളിയാട്ടത്തോടനുബന്ധിച്ച് വിപുലമായ കാർഷികച്ചന്തയും മൂന്നിയൂരിൽ നടക്കുന്നുണ്ട്. ജൂൺ അഞ്ചിന് നടക്കുന്ന കുടികൂട്ടൽ ചടങ്ങോടെയാണ് 17 ദിവസം നീണ്ടുനിൽനിക്കുന്ന കളിയാട്ടം അവസാനിക്കുക. മലബാറിലെ ക്ഷേത്രോത്സവങ്ങളുടെ സമാപനം കൂടിയാണ് മൂന്നിയൂർ കളിയാട്ടം.
ഇനി തുലാമാസത്തിൽ കടലുണ്ടി പേടിയാട്ടുകാവ് വാവുത്സവത്തോടെയാണ് ഉത്സവങ്ങൾ ആരംഭിക്കുക.