വേങ്ങര : യൂറോയിലും കോപ്പയിലും വമ്പന്മാർക്ക് കാലിടറിയത് കളിക്കമ്പക്കാരെ നിരാശരാക്കി. അർജന്റീന ഒഴികെ ആരാധകർ കൂടുതലുള്ള ടീമുകൾ രണ്ട് ടൂർണമെന്റുകളിൽനിന്ന് പുറത്തായി. കോപ്പയിൽ ഫൈനലിൽ എത്തിയ അർജന്റീന മാത്രമാണ് തല ഉയർത്തി നിൽക്കുന്നത്. ഇനി എല്ലാ ടീമുകളുടേയും കണ്ണുകൾ മെസ്സിയിലേക്കും അർജന്റീനയിലേക്കുമാണ്. ടീം കോപ്പ നിലനിർത്തുന്നത് കാണാൻ ആരാധകരും പതനംകാണാൻ എതിരാളികളും കാത്തിരിക്കുന്നു.
ഇഷ്ട ടീമുകളുടെ തോൽവിയിൽ പൊട്ടിക്കരഞ്ഞവരും ‘ഓടിയൊളിച്ചവരു’മുണ്ട്. യൂറോയിൽ വലിയ പ്രതീക്ഷ പുലർത്തിയ ടീമുകളായിരുന്നു ജർമനിയും ഫ്രാൻസും. ആതിഥേയരായ ജർമനിക്ക് ക്വാർട്ടറിൽ അടിപതറി. ഫൈനൽ പ്രതീക്ഷയിൽ മുൻപന്തിയിൽ ഉണ്ടായിരുന്ന ഫ്രാൻസ് സെമിയിലും പുറത്തായി. ഫൈനലിൽ പ്രവേശിച്ച സ്പെയിൻ ഇഗ്ലണ്ടിന് മലപ്പുറത്ത് കാര്യമായ ആരാധകർ ഇല്ല. കിരീടസാധ്യത കല്പിച്ച ടീമുകളുടെ തോൽവിയെച്ചൊല്ലി കളിക്കമ്പക്കാർ പട വെട്ടുകയാണ്. വാട്സാപ്പ് ഗ്രൂപ്പുകളിൽ ഫ്രാൻസിന്റെ തോൽവിയാണ് കൂടുതൽ ചർച്ചയായത്. എതിരാളികൾക്ക് മുൻപിൽ പിടിച്ചുനിൽക്കാൻ കഴിയാതെ പലരും മാപ്പു പറയുകയും ടീമുകളുടെ ആരാധക സ്ഥാനം ഒഴിഞ്ഞതായി പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.
കോപ്പ ഫൈനൽ അർജന്റീന ആരാധകർക്ക് സമാധാനത്തോടെ കാണാൻ കഴിയില്ല. അടിതെറ്റിയ ബ്രസീൽ, ഫ്രാൻസ്, ജർമനി, പോർച്ചുഗൽ ആരാധകരുടെ കൂട്ടായ വിമർശനം അർജന്റീനക്കെതിരേ ഉയരും. സെമി ഫൈനൽപോലും കാണാത്ത ടീമുകളുടെ ആരാധകരുടെ എതിർപ്പിന് പുല്ലുവില കല്പിക്കില്ല എന്നാണ് അർജന്റീന ആരാധകർ പറയുന്നത്.