പ്ലസ് വൺ സീറ്റ് പ്രതിസന്ധി : സ്‌കൂളുകൾ സന്ദർശിച്ച് പഠനസമിതി

• ജില്ലയിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയെക്കുറിച്ച് പഠിക്കുന്നതിനായി നിയോഗിച്ച സമിതിയംഗമായ ഹയർസെക്കൻഡറി അക്കാദമിക് വിഭാഗം ജോയിന്റ് ഡയറക്ടർ ആർ. സുരേഷ് കുമാറുമായി സംസാരിക്കുന്ന ആർ.ഡി.ഡി. ഡോ. പി.എം. അനിൽ. ഹയർസെക്കൻഡറി ജില്ലാ കോഡിനേറ്റർ കൃഷ്ണദാസ് സമീപം

ഇന്നും സ്‌കൂളുകൾ സന്ദർശിക്കും

മലപ്പുറം : ജില്ലയിലെ പ്ലസ് വൺ സീറ്റുമായി ബന്ധപ്പെട്ട പ്രതിസന്ധി പഠിക്കാൻ നിയോഗിച്ച രണ്ടംഗസമിതി തിങ്കളാഴ്ച സ്‌കൂളുകൾ സന്ദർശിച്ചു.

സമിതി രൂപവത്കരിച്ചശേഷം ആദ്യമായി മലപ്പുറത്തെത്തിയ ഹയർസെക്കൻഡറി അക്കാദമിക് വിഭാഗം ജോയിന്റ് ഡയറക്ടർ ആർ. സുരേഷ്‌കുമാറും ആർ.ഡി.ഡി. ഡോ. പി.എം. അനിലുമാണ് സ്‌കൂളുകൾ സന്ദർശിച്ചത്.

രാവിലെ മലപ്പുറത്തെ ആർ.ഡി.ഡി. ഓഫീസിലെ കൂടിക്കാഴ്ചയ്ക്കുശേഷമായിരുന്നു സന്ദർശനം. പ്രവേശനം കിട്ടാതെ കൂടുതൽ വിദ്യാർഥികൾ പുറത്തിരിക്കുന്ന തിരൂരങ്ങാടി താലൂക്കിലാണ് ഇരുവരും ആദ്യമെത്തിയത്.

വേങ്ങരയിലെ ജി.വി.എച്ച്.എസ്.എസ്., ജി.എം.വി.എച്ച്.എസ്.എസ്., തിരൂരങ്ങാടി ജി.എച്ച്.എസ്.എസ്., കുറുക ജി.എച്ച്.എസ്., തൃക്കുളം ജി.എച്ച്.എസ്., കുളപ്പുറം ജി.എച്ച്.എസ്., കാലിക്കറ്റ് സർവകലാശാല കാംപസിലെ സ്‌കൂളുകൾ തുടങ്ങിയ ഇടങ്ങളിലും സംഘമെത്തി. ഹയർസെക്കൻഡറി വിഭാഗം ജില്ലാ കോഡിനേറ്റർ പി. കൃഷ്ണദാസും കൂടെയുണ്ടായി.

ഹയർസെക്കൻഡറി വിഭാഗത്തിൽ അധിക ബാച്ചുകൾ തുടങ്ങാനുള്ള സൗകര്യവും ഹൈസ്‌കൂളുകളിൽ പ്ലസ് ടു വിഭാഗം ആരംഭിക്കാനുള്ള സാധ്യതകളും സമിതി പരിശോധിച്ചു.

പ്രിൻസിപ്പൽ, പ്രഥമാധ്യാപിക, പി.ടി.എ. ഭാരവാഹികൾ തുടങ്ങിയവരുമായി ചർച്ച നടത്തി.

ചൊവ്വാഴ്ചയും സമിതി സ്‌കൂളുകൾ സന്ദർശിക്കും.

സപ്ലിമെന്ററി അലോട്മെന്റിന്റെ അവസാനദിവസമായ വ്യാഴാഴ്ച ലഭിക്കുന്ന അന്തിമകണക്കും കൂടി പരിഗണിച്ചായിരിക്കും റിപ്പോർട്ട് സമർപ്പിക്കുകയെന്ന് സമിതി അംഗങ്ങൾ പറഞ്ഞു.

പഠനത്തിന്റെ ആദ്യഘട്ടത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, നഗരസഭാ അധ്യക്ഷന്മാർ, പഞ്ചായത്ത് പ്രസിഡന്റുമാർ ഉൾപ്പെടെയുള്ളവരുടെ ഓൺലൈൻ യോഗം ചേർന്നിരുന്നു.

സ്‌കൂളുകളിൽ പുതുതായി ലഭിക്കുന്ന സീറ്റുകൾക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കിനൽകുമെന്ന് ജനപ്രതിനിധികൾ യോഗത്തിൽ ഉറപ്പും നൽകി.

വെള്ളിയാഴ്ചയാണ് രണ്ടംഗസമിതിയുടെ റിപ്പോർട്ട് സമർപ്പിക്കാനുള്ള അവസാന തീയതി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}