വേങ്ങര: എ. ആർ. നഗർ ഗ്രാമ പഞ്ചായത്തിലെ എട്ടാം വാർഡ് കക്കാടം പുറം ഊക്കത്ത് പള്ളി മുതൽ മാപ്പിളക്കാട് വരെ തോട് വരമ്പിനു മുകളിലായി കോൺക്രീറ്റ് ചെയ്തു നിർമ്മിക്കുന്ന ഫുട്പാത്ത് നിർമ്മാണം പാതിവഴിയിൽ. ഏഴുവർഷം മുമ്പ് തുടങ്ങിയ പ്രവൃത്തി ഇപ്പോഴും പൂർത്തിയാക്കാതെ പാതി വഴിയിൽ നിൽക്കുന്നതിനാൽ പ്രദേശത്തെ നിരവധി കുടുംബങ്ങൾ പ്രയാസപ്പെടുന്നു.
നിലപറമ്പ് - കുറ്റൂർ നോർത്ത് - മാപ്പിളക്കാട് തുടങ്ങിയ പ്രദേശങ്ങളിൽ നിന്ന് കക്കാടംപുറം, ഊക്കത്ത് ഭാഗത്തേക്കും ജുമാ മസ്ജിദിലേക്കും എളുപ്പമാർഗത്തിൽ എത്തിച്ചേരാവുന്ന വിധത്തിലാണ് ഫുട്പാത്ത് വിഭാവന ചെയ്തിരുന്നത്. പക്ഷേ പ്രവൃത്തി തുടങ്ങി 7 വർഷം കഴിഞ്ഞിട്ടും പദ്ധതിയുടെ പ്രവൃത്തി പൂർത്തീകരിച്ചിട്ടില്ല.വേങ്ങര ലൈവ്.വിവിധ ഘട്ടങ്ങളിലായി എം.എൽ.എ ഫണ്ട്, എം.പി ഫണ്ട്, ജില്ലാ പഞ്ചായത്ത്, എ. ആർ. നഗർ ഗ്രാമപഞ്ചായത്ത് പദ്ധതി വിഹിതം തുടങ്ങിയവയെല്ലാമായി എഴുപത് ലക്ഷത്തിലധികം രൂപയുടെ ഫണ്ട് ഇവിടെ ചെലവഴിച്ചിട്ടുണ്ട്. ഇത്രയും ഭീമമായ തുക വിനിയോഗിച്ചിട്ടും പദ്ധതി പാതിവഴിയിൽ ഉപേക്ഷിച്ച മട്ടാണ്.
കേവലം പതിനഞ്ചു മീറ്റർ കൂടി പൂർത്തിയാക്കിയാൽ പദ്ധതിയുടെ ഒന്നാം ഘട്ടം പൂർണ്ണമാകും. അതിലൂടെ കുറ്റൂർ നോർത്ത് ഭാഗത്തുനിന്ന് ഊക്കത്ത് ഭാഗത്തേക്ക് എളുപ്പ മാർഗം സഞ്ചാരം സാധ്യമാവും. ശേഷം 60 മീറ്ററോളം തുടർ പ്രവർത്തനങ്ങൾ നടത്തിയാൽ മാത്രമേ മാപ്പിളക്കാട് പ്രദേശത്തെ ഇരുപതോളം കുടുംബങ്ങൾക്ക് ഉപകാരപ്പെടുന്ന വിധം റോഡ് ഗതാഗതം സാധ്യമാവുകയുള്ളൂ. ഈ കാര്യത്തിലും അധികൃതർ അനങ്ങാപ്പാറ നയം തുടരുന്നതിനാൽ പ്രദേശത്തെ കുടുംബങ്ങൾ പതിറ്റാണ്ടുകളായി പ്രയാസം നേരിട്ടുകൊണ്ടിരിക്കുകയാണ്.
അടിയന്തരമായി ഫണ്ടുകൾ വകയിരുത്തി മുടങ്ങിക്കിടക്കുന്ന പ്രവൃത്തികൾ പൂർത്തീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.