കൊളപ്പുറത്ത് വ്യാഴാഴ്ചയുണ്ടായ ഗതാഗതക്കുരുക്ക്
എ.ആർ. നഗർ: പുനർനിർമാണം നടക്കുന്ന കോഴിക്കോട്-തൃശ്ശൂർ പാതയിൽ കൊളപ്പുറത്ത് ഗതാഗതക്കുരുക്ക് പതിവാകുന്നു. ദേശീയപാത പുനർനിർമാണത്തിന് പരപ്പനങ്ങാടി-അരീക്കോട് സംസ്ഥാനപാതയിലൂടെ സഞ്ചരിക്കാനായി ഒരുക്കിയിരുന്ന താത്കാലിക പാത പൊളിക്കുകയും വീതി കുറഞ്ഞ സർവീസ് റോഡിലൂടെ ഇരുവശത്തേക്കും വാഹനങ്ങൾ കടത്തിവിടുകയുംചെയ്തതോടെയാണ് ഇവിടെ കുരുക്ക് മുറുകിയത്. ഇതോടെ ഇതുവഴി വിമാനത്താവളത്തിലേക്കുള്ള യാത്രക്കാരും ആശുപത്രികളിലേക്ക് പോകുന്ന രോഗികളും മണിക്കൂറുകളോളം ഗതാഗതക്കുരുക്കിൽപ്പെടുന്നത് പതിവാണ്.
കോഴിക്കോട് വിമാനത്താവളം, പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷൻ എന്നിവയെ തമ്മിൽ ബന്ധിപ്പിക്കുന്ന പ്രധാന സംസ്ഥാനപാതയാണ് പരപ്പനങ്ങാടി-അരീക്കോട് സംസ്ഥാനപാത.
ദേശീയപാത പുനർനിർമാണത്തിനായി പാത കൊളപ്പുറത്തുവെച്ച് മുറിക്കുകയും ഇത് നാട്ടുകാർ എതിർക്കുകയും കോടതിയെ സമീപിക്കുകയും ചെയ്തു. ഇതുവഴി പൊതുജനങ്ങൾക്ക് തടസ്സമില്ലാതെ പോകാൻ സംവിധാനമൊരുക്കുന്നതുവരെ ഈ ഭാഗത്തുള്ള നിർമാണം താത്കാലികമായി കോടതി തടഞ്ഞു.
എന്നാൽ സർവീസ് റോഡിലൂടെ ഒരു തടസ്സവുമില്ലാതെ ഇരുവശത്തേക്കും വാഹനങ്ങൾക്ക് പോകാൻ സൗകര്യമൊരുക്കും എന്ന ഉറപ്പ് അധികൃതർ നൽകിയതോടെ കോടതി സ്റ്റേ നീക്കി. കോടികൾ മുടക്കി ഇവിടെ അനിയോജ്യമല്ലാത്ത സ്ഥാനത്ത് നിർമിച്ച വീതി കൂടിയ പാലത്തിനു പകരം പൊതുജനങ്ങൾക്ക് ഉപകാരപ്പെടുന്ന തരത്തിൽ സംസ്ഥാനപാതയ്ക്ക് സമാന്തരമായി പാലം നിർമിക്കണമെന്ന നാട്ടുകാരുടെ ആവശ്യം പരിഗണിച്ചില്ല.
ഇത് അനീതിയെന്നാണ് സംയുക്ത സമരസമിതിയും യാത്രക്കാരും പറയുന്നത്.
വേങ്ങര മണ്ഡലത്തിലേക്ക് അനുവദിച്ച അഗ്നിസുരക്ഷാ യൂണിറ്റ് സ്ഥാപിക്കാൻ അനുമതി ലഭിച്ചത് ഈ ഭാഗത്താണ്. വിമാനത്താവളയാത്രക്കാർക്കുപുറമേ എ.ആർ. നഗർ, കണ്ണമംഗലം, വേങ്ങര തുടങ്ങിയ ഗ്രാമപ്പഞ്ചായത്തുകളിലെ ജനങ്ങൾ തിരൂരങ്ങാടി താലൂക്കാശുപത്രി, കോഴിക്കോട് മെഡിക്കൽ കോളേജ് എന്നിവിടങ്ങളിലേക്ക് യാത്രചെയ്യാനും ഈ പാതയെയാണ് ആശ്രയിക്കുന്നത്. കൂടാതെ വിദ്യാർഥികളുൾപ്പെടെയുള്ളവരുടെ സാധാരണ യാത്രാപ്രശ്‌നവും. ഇതെല്ലാം അവഗണിച്ച് ദീർഘദൂരയാത്രക്കിത്ര പ്രാധാന്യം നൽകുന്നതെന്തിനാണെന്നതാണ് നാട്ടുകാർ ഉന്നയിക്കുന്ന ചോദ്യം. ഇതിനു ന്യായമായ പരിഹാരം കാണണമെന്നതാണ് നാട്ടുകാരുടെയും യാത്രക്കാരുടെയും ആവശ്യം.
യാത്രക്കാരെ സഹായിക്കുന്നത് നാട്ടുകാരും സമരസമിതി പ്രവർത്തകരും
എ.ആർ. നഗർ : അശാസ്ത്രീയമായ ഗതാഗത സംവിധാനമൊരുക്കിയതോടെ ഗതാഗതക്കുരുക്ക് മുറുകിയ കൊളപ്പുറം കവലയിൽ യാത്രക്കാരെ സഹായിക്കാൻ നാട്ടുകാർ രംഗത്ത്. കുരുക്ക് കാരണം സമയത്തിന് വിമാനത്താവളത്തിലും ആശുപത്രികളിലും എത്താൻ പാടുപെടുന്നവർക്കാണ് ഇവർ സഹായവുമായെത്തുന്നത്. ആശുപത്രിയിലേക്കുള്ള ആംബുലൻസിന് മറ്റു വാഹനങ്ങൾ നീക്കി വഴിയൊരുക്കിയും വിമാനത്താവളത്തിലേക്കുള്ളവർക്ക് അവരുടെ ചരക്കുകൾ പാതയ്ക്ക് മറുവശത്തെത്തിച്ച് മറ്റൊരു വാഹനമൊരുക്കിയുമാണ് നാട്ടുകാർ യാത്രക്കാരെ സഹായിക്കുന്നത്.