വേങ്ങര: വേങ്ങര ഗ്രാമ പഞ്ചായത്തിൽ വേങ്ങര പൊലീസ് സ്റ്റേഷന് സമീപം പ്രവർത്തിക്കുന്ന മൃഗാശുപത്രിയുടെ പുതിയ കെട്ടിടത്തിൽ മൃഗങ്ങൾക്ക് ചികിത്സ നൽകുന്നതിനു അത്യാവശ്യമായ 'ആല' ഇത് വരെയും നിർമ്മിച്ചിട്ടില്ല. പുതിയ കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തിയായിട്ട് വർഷങ്ങൾ കഴിഞ്ഞെങ്കിലും ആല നിർമ്മാണം എങ്ങുമെത്തിയില്ല. വേങ്ങര ടൗണിൽ പരിമിതമായ സൗകര്യങ്ങളിൽ പ്രവർത്തിക്കുന്ന മൃഗാശുപത്രിക്ക് ഒരു ചുറ്റുമതിൽ നിർമ്മിക്കാൻ പോലും അധികൃതർക്കായിട്ടില്ല. ചുറ്റുമതിൽ നിർമ്മിക്കേണ്ടത് ഗ്രാമ പഞ്ചായത്തിന്റെ ഉത്തരവാദിത്വമാണെന്ന് ജില്ല മെഡിക്കൽ ഓഫീസും കയ്യൊഴിയുന്നു. ഫലത്തിൽ മൃഗങ്ങളുമായി ചികിത്സക്കെത്തുന്ന കർഷകരും മൃഗങ്ങളും ഒരു പോലെ ബുദ്ധിമുട്ടിലായെന്നു നാട്ടുകാർ ആവലാതിപ്പെടുന്നു. അതോടൊപ്പം ആശുപത്രിയിലേക്കുള്ള വഴിയും ആകെ ചളിക്കുളമായ അവസ്ഥയിലാണ്. വഴി കോൺക്രീറ്റ് ചെയ്യുകയോ കട്ട ഉപയോഗിച്ച് ഇന്റർലോക്ക് ചെയ്യുകയോ വേണമെന്ന് പൊതുജനം ആവശ്യപ്പെടുന്നു. എന്നാലതേ സമയം, മൃഗാശുപത്രിക്ക് ചുറ്റുമതിൽ നിർമ്മിക്കാനും നിലം ഇന്റർലോക് ചെയ്യാനും ഗ്രാമ പഞ്ചായത്ത് വർഷങ്ങൾക്ക് മുമ്പ് തന്നെ ഫണ്ട് വകയിരുത്തിയിട്ടുണ്ടെന്നു പ്രസിഡന്റ് കെ. പി ഹസീന ഫസൽ മാധ്യമത്തോട് പറഞ്ഞു. എന്നാൽ തൊട്ടടുത്തു തന്നെ പ്രവർത്തിക്കുന്ന വേങ്ങര പൊലീസ് സ്റ്റേഷനിൽ പിടിച്ചിടുന്ന വണ്ടികൾ മൃഗാശുപത്രി കോമ്പൗണ്ടിലാണ് നിർത്തിയിടുന്നതെന്നും വാഹനങ്ങളുടെ ബാഹുല്യം കാരണം ചുറ്റുമതിലിന്റെ നിർമ്മാണം നടത്താനാവുന്നില്ലെന്നും പ്രസിഡന്റ് പറയുന്നു. വാഹനം മാറ്റിയിടണമെന്ന് ആവശ്യപ്പെട്ടു വേങ്ങര സ്റ്റേഷൻ ഹൗസ് ഓഫീസർ, മലപ്പുറം എസ്. പി എന്നിവരെ പല പ്രാവശ്യം കാണുകയും, കത്ത് നൽകുകയും ചെയ്തിട്ടും വാഹനങ്ങൾ മാറ്റിയിടാൻ സ്റ്റേഷൻ അധികൃതർ താല്പര്യപ്പെടുന്നില്ലെന്നു ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്റിനു പരാതിയുണ്ട്.
മൃഗാശുപത്രിയുടെ പുതിയ കെട്ടിടത്തിൽ ആലയില്ല: എടങ്ങേറിലായി മൃഗങ്ങളും കർഷകരും
admin