വേങ്ങര: "തൗഹീദ് ഇസ്ലാമിന്റെ ജീവൻ" എന്ന പ്രമേയത്തിൽ വേങ്ങര മണ്ഡലം വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംഘടിപ്പിക്കുന്ന മുജാഹിദ് ആദർശ സമ്മേളനം ഡിസംബർ 15ന് വേങ്ങര സബാഹ് സ്ക്വയറിൽ വെച്ച് നടക്കും. സമാപന സമ്മേളനത്തിൽ ബഹുമാന്യ പണ്ഡിതൻ ഹുസൈൻ സലഫി ഷാർജ മുഖ്യപ്രഭാഷണം നടത്തും. ഞായറാഴ്ച വൈകിട്ട് കച്ചേരിപ്പടിയിൽ വച്ച് നടന്ന പ്രഖ്യാപന സമ്മേളനത്തിൽ വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന വൈസ് ചെയർമാനും വിശുദ്ധ ഖുർആൻ പരിഭാഷകനുമായ ബഹു: കുഞ്ഞിമുഹമ്മദ് മദനി പറപ്പൂർ ഔദ്യോഗികമായി പ്രഖ്യാപിച്ചു. സമ്മേളനത്തിന്റെ പോസ്റ്റർ പ്രകാശനവും അദ്ദേഹം നിർവഹിച്ചു. ജാമിയ അൽ ഹിന്ദ് ഡയറക്ടർ ഫൈസൽ മൗലവി പുതുപ്പറമ്പ് സമ്മേളന പ്രമേയം വിശദീകരിച്ച് സംസാരിച്ചു.
സമ്മേളനത്തോടനുബന്ധിച്ച് നടത്തുന്ന വൈവിധ്യമാർന്ന പ്രചാരണ പ്രവർത്തനങ്ങൾ വിസ്ഡം വേങ്ങര മണ്ഡലം സെക്രട്ടറി അബ്ദുല്ലത്തീഫ് കുറ്റൂർ വിശദീകരിച്ചു.
പൊതു പ്രഭാഷണങ്ങൾ, അയൽക്കൂട്ടം, ഗൃഹ സന്ദർശനം, വനിതാ സമ്മേളനം, വിദ്യാർത്ഥി സമ്മേളനം, ഖുർആൻ പഠിതാക്കളുടെ സംഗമം, എക്സിബിഷൻ, പഠന ക്യാമ്പ്, പ്രവർത്തക സംഗമം, സ്ട്രീറ്റ് ദഅവ തുടങ്ങിയ പരിപാടികളാണ് ആദർശ സമ്മേളനത്തിന്റെ ഭാഗമായി നടക്കുക.