എസ്.ഡി.പി.ഐ ജനജാഗ്രതാ റാലി 25ന്

വേങ്ങര: പിണറായി-പോലീസ്, ആര്‍.എസ്.എസ് കൂട്ട് കെട്ട് കേരളത്തെ തകര്‍ക്കുന്നു എന്ന പ്രമേയത്തില്‍ സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ സംസ്ഥാന വ്യാപകമായി നടത്തുന്ന ജനജാഗ്രത കാംപയിന്റെ ഭാഗമായി വേങ്ങര നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ 25ന് ജനജാഗ്രതാ റാലി നടത്തുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

സംസ്ഥാനത്ത് പോലിസ് നടത്തുന്ന വിവേചനപരമായ സമീപനങ്ങള്‍ക്ക് കാരണം അണിയറയില്‍ ആര്‍.എസ്.എസുമായുണ്ടാക്കിയ ഒത്തുതീര്‍പ്പ് വ്യവസ്ഥകളുടെ ഭാഗമാണെന്ന് തെളിഞ്ഞു കൊണ്ടിരിക്കുകയാണ്. അധോലോകത്തെ പോലും വെല്ലുന്ന സ്വര്‍ണ്ണക്കടത്തും, കൊലപാതകം, മരം മുറിച്ച് കടത്തല്‍, പൂരം അലങ്കോലമാക്കല്‍ തുടങ്ങി അവിശ്വസനീയ ആക്രമങ്ങളാണ് പോലീസ് നടത്തിയതെന്ന ഇടതുപക്ഷ എം.എല്‍.എയുടെ വെളിപ്പെടുത്തല്‍ ഏറെ ആശങ്കയോടെയാണ് കേരളം ശ്രവിച്ചത്. ജില്ലയെ അപകീര്‍ത്തിപ്പെടുത്താന്‍ കേസുകളുടെ എണ്ണം വര്‍ധിപ്പിച്ചതും താമീര്‍ ജിഫ്രി, റിദാന്‍ ഫാസില്‍ തുടങ്ങിയ പോലിസ് നേരിട്ടു നടത്തിയ കൊലപാതകങ്ങളുടെ പിന്നാപ്പുറങ്ങള്‍ പുറത്ത് വരാതിരിക്കാന്‍ കാട്ടിക്കൂട്ടിയ ക്രൂരതതകളും ഞെട്ടലോടെയാണ് പൊതുസമൂഹം കേള്‍ക്കുന്നത്. 

പൗരന്റെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട പോലിസ് കാണിച്ച ക്രൂരതകള്‍ക്കും ഭരണകൂട ഒത്താശക്കുമെതിരെ പൊതുസമൂഹം ജാഗ്രത കാണിക്കണമെന്ന സന്ദേശവുമായാണ് ജനജാഗ്രതാ കാംപയിന്‍ സംഘടിപ്പിക്കുന്നത്. പഞ്ചായത്ത് തലങ്ങളില്‍ പോസ്റ്റര്‍ പ്രചരണം,വാഹന പ്രചരണം, പദയാത്ര, കവല യോഗങ്ങള്‍ എന്നിവക്കു ശേഷമാണ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ജനജാഗ്രതാ റാലി സംഘടിപ്പിക്കുന്നത്. 

എസ്.ഡി.പി.ഐ നിയോജക മണ്ഡലം പ്രസിഡന്റ് പൂവില്‍ ഷെരീഖാന്‍ മാസ്റ്റര്‍ നയിക്കുന്ന ജനജാഗ്രതാ റാലി ഒക്ടോബര്‍ 25ന് വൈകീട്ട് അഞ്ചിന് കുറ്റാളൂരില്‍ നിന്നാരംഭിച്ച് വേങ്ങര താഴെ അങ്ങാടിയില്‍ സമാപിക്കും. തുടര്‍ന്നു നടക്കുന്ന പൊതുസമ്മേളനം എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡണ്ട് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി ഉദ്ഘാടനം ചെയ്യും. ജില്ലാ സെക്രട്ടറിയേറ്റ് അംഗം എ കെ അബ്ദുല്‍മജീദ് മാസ്റ്റര്‍, ജില്ലാ വൈസ്പ്രസിഡന്റ് അരീക്കന്‍ ബീരാന്‍കുട്ടി, ജില്ലാ കമ്മിറ്റിയംഗം കല്ലന്‍ അബൂബക്കര്‍ മാസ്റ്റര്‍ എന്നിവര്‍ പങ്കെടുക്കും. 

വാര്‍ത്താ സമ്മേളനത്തില്‍ എസ്.ഡി.പി.ഐ നിയോജക മണ്ഡലം സെക്രട്ടറി കല്ലന്‍ അബ്ദുല്‍നാസര്‍, ട്രഷറര്‍ ഇ കെ അബ്ദുല്‍നാസര്‍, വൈസ്പ്രസിഡന്റ് കെ കെ സൈതലവി, ജോയിന്റ് സെക്രട്ടറിമാരായ മുസ്തഫ പള്ളിയാളി എന്നിവര്‍ പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}