വേങ്ങര: കലോത്സവത്തിന്റെ റിഹേഴ്‌സൽ നടക്കുന്നിടത്തെ 'ഫീൽ' ആയിരുന്നു വേങ്ങര സായംപ്രഭാഹോമിൽ ചെന്നപ്പോൾ. ഹാർമോണിയത്തിന്റെയും വയലിന്റെയും മധുരശ്രുതികൾ...തബലയുടെ ധിൻധിൻനാദങ്ങൾ...വായ്ത്താരികൾ, സ്വരങ്ങൾ... 'നാളെ അവതരിപ്പിക്കാനുള്ള പാട്ടിന്റെ റിഹേഴ്‌സലിലാണ്...',എഴുപതും എൺപതുമൊക്കെ കഴിഞ്ഞവരുടെ ആ പാട്ടുകൂട്ടത്തെച്ചൂണ്ടി സായംപ്രഭാഹോമിന്റെ കെയർഗിവർ ആൻഡ് ഫെസിലിറ്റേറ്റർ എ.കെ. ഇബ്രാഹിം പറഞ്ഞു.
ദാ, അക്കൂട്ടത്തിൽ വയലിൻവായിക്കുന്ന ജോസ് മാഷിന് 83 വയസ്സായി. പാട്ടുപാടുന്ന വേലായുധേട്ടന് 79-ഉം. പലമേഖലയിൽനിന്നുള്ളവരാണ് ഓരോരുത്തരും. വയോജനദിനമായ ചൊവ്വാഴ്ച തിരൂരിൽ സാമൂഹികനീതിവകുപ്പുനടത്തുന്ന സംസ്ഥാനതലദിനാഘോഷത്തിൽ അവതരിപ്പിക്കാനുള്ളതാണ് പാട്ട്. മികച്ച സായംപ്രഭാഹോമിനുള്ള ഇത്തവണത്തെ സംസ്ഥാനതല വയോസേവനപുരസ്‌കാരം ഞങ്ങൾക്കും പാലക്കാട്ടെ പുളിക്കപ്പറമ്പ് സായംപ്രഭാഹോമിനുമാണ് -ഇബ്രാഹിം ആ സന്തോഷവും പങ്കുവെച്ചു. 50,000 രൂപയുടെ പുരസ്‌കാരമാണിത്.
ഹോമിൽ അഞ്ഞൂറിലേറെ അംഗങ്ങൾ ഉണ്ട്. കോളാമ്പിപ്പാട്ട്, കോൽക്കളി, കൈകൊട്ടിക്കളിപ്പാട്ട്, ഒപ്പന, ഉപകരണസംഗീതം തുടങ്ങിയവയിൽ വിദഗ്ധരാണ് ചിലർ. അവർ സ്വയം പരിശീലിക്കുകയും മറ്റുള്ളവരെ പരിശീലിപ്പിക്കുകയും ചെയ്യുന്നു. ആരെങ്കിലും വിളിച്ചാൽ ചെന്ന് പരിപാടി അവതരിപ്പിക്കും -ഇബ്രാഹിം വിശദീകരിക്കുമ്പോഴേക്ക് പാട്ടിന്റെ പല്ലവി പാടിത്തുടങ്ങിയിരുന്നു:
'ഭാവരാഗതാളലയങ്ങൾ ഒത്തുചേർന്ന വേദിയിതാ...
ഭാവം, രാഗം, താളം സായംപ്രഭ...' വാർധക്യത്തിൽ വസന്തമായ് സാന്ത്വനമേകും സായംപ്രഭ... എല്ലാ സായംപ്രഭാഹോമുകൾക്കും ഉപയോഗിക്കാവുന്ന ഈ പാട്ട് എഴുതിയതും ചിട്ടപ്പെടുത്തിയതും സംഗീതജ്ഞനായ മുരളി വേങ്ങരയാണ്. ‘മിനുക്കം’, ‘ജയഹേ’ തുടങ്ങിയ സിനിമകളിലും ചില നാടകങ്ങളിലും സംഗീതംനിർവഹിച്ചിട്ടുണ്ട് മുരളി. മുരളിയും നാസർ കൊളക്കാട്ടിലുമാണ് കലാപരിശീലനത്തിനു മുൻപിൽനിൽക്കുന്നത്. നാസർ ഹാർമോണിയമുൾപ്പെടെയുള്ളവ വായിക്കും. മജീഷ്യനുമാണ്. വി.പി. മുസ്തഫ (തബല), വേലായുധൻ (ട്രിപ്പിൾ ഡ്രം), മുഹമ്മദ് കാപ്പൻ (കീ ബോർഡ്) എന്നിങ്ങനെ ചിലർ. ഗായകരായി ഭാസ്കരൻ കോട്ടത്തൊടി, എം. ഗിരിജ, ടി.കെ. ശ്രീകുമാർ, മറിയക്കുട്ടി, ടി.വി. അജിത ഭാമ, കെ.കെ. മൊയ്തീൻകുട്ടി, ടി.വി. ഗംഗാധരൻ, കാർത്ത്യായനി തുടങ്ങിയവർ.
ഇതെല്ലാം ഇവിടെ മാത്രം
വെറുമൊരു ഡേ കെയർ സെന്ററല്ല, പഞ്ചായത്തിലെ മുഴുവൻ വയോജനങ്ങളുടെയും ക്ഷേമകേന്ദ്രമാണിത്. പഞ്ചായത്ത് ഭരണസമിതിയുടെ പിന്തുണതന്നെ നട്ടെല്ല്. പഞ്ചായത്തും പോലീസും വിവിധവകുപ്പുകളും ചേർന്നുള്ള വയോജന സംരക്ഷണസമിതിയെന്നൊരു സംവിധാനമുണ്ടിവിടെ. സമിതിയുടെ പരാതിപ്പെട്ടിയിൽ വരുന്ന പരാതികൾ ഇവിടെ തീർപ്പാക്കും.
മുതിർന്ന പൗരന്മാർക്ക് രണ്ടുരൂപയ്ക്ക് ചായ കൊടുക്കുന്നുവെന്നതാണ് മറ്റൊരു പ്രത്യേകത. പഞ്ചായത്ത് ഓഫീസിലെ കുടുംബശ്രീയുടെ കടയിലാണിതു ലഭിക്കുക.
2019-ൽ ജില്ലാതലം, 2021-ൽ സംസ്ഥാനതലം എന്നിങ്ങനെ മുൻപും സാമൂഹികനീതിവകുപ്പിന്റെ പുരസ്കാരം നേടിയിട്ടുണ്ട് വേങ്ങര സായംപ്രഭാഹോം.