വോട്ടെടുപ്പ് നാളെ രാവിലെ ഏഴ് മുതൽ
മലപ്പുറം : ബുധനാഴ്ച നടക്കുന്ന വയനാട് ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിൽ മലപ്പുറം ജില്ലയിലെ മൂന്നു മണ്ഡലങ്ങളിലായി വോട്ടവകാശമുള്ളത് 6,45,755 പേർക്ക്. ഏറനാട്, നിലമ്പൂർ, വണ്ടൂർ മണ്ഡലങ്ങളിലായി 3,20,214 പുരുഷവോട്ടർമാരും 3,25,535 സ്ത്രീവോട്ടർമാരുമാണുള്ളത്. ആറു ട്രാൻസ്‌ജെൻഡർ വിഭാഗക്കാരുമുണ്ട്. വോട്ടെടുപ്പിനുള്ള ഒരുക്കങ്ങളും സുരക്ഷാക്രമീകരണങ്ങളും പൂർത്തിയായതായി ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ കളക്ടർ വി.ആർ. വിനോദും ജില്ലാ പോലീസ് മേധാവി ആർ. വിശ്വനാഥും പത്രസമ്മേളനത്തിൽ അറിയിച്ചു.
രാവിലെ ഏഴ് മുതലാണ് വോട്ടെടുപ്പ്. 25 ഓക്‌സിലറി ബൂത്തുകൾ ഉൾപ്പെടെ 595 പോളിങ് സ്റ്റേഷനുകളാണ് ജില്ലയിലുള്ളത്. വനിതാ ഓഫീസർമാരുടെ മാത്രം മേൽനോട്ടത്തിൽ ഒമ്പത് പോളിങ് സ്റ്റേഷനുകൾ പ്രവർത്തിക്കും. ഒമ്പത് മാതൃകാ പോളിങ് ബൂത്തുകളും സജ്ജീകരിച്ചു. 595 പോളിങ് സ്റ്റേഷനുകളിലും വോട്ടെടുപ്പ് നടപടികൾ വെബ്കാസ്റ്റിങ് നടത്തും. 16 മേഖലകളിലായി 26 പ്രശ്നസാധ്യതാബൂത്തുകളുണ്ട്. ഇവിടെ അധികസുരക്ഷയൊരുക്കും.
ഏറനാട് അഞ്ചും നിലമ്പൂരിൽ പതിനേഴും വണ്ടൂരിൽ നാലും പ്രശ്നസാധ്യതാബൂത്തുകളാണുള്ളത്.