വേങ്ങര: വേങ്ങര സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടർമാരുടെ കാലപ്പഴക്കം ചെന്ന കോർട്ടേഴ്സ് ഇടിച്ചു നിരത്തി. ജീർണ്ണാവസ്ഥയിലായിരുന്ന ഈ കെട്ടിടം പൊളിച്ചു മാറ്റി പകരം വയോജനങ്ങൾക്ക് പാർക്കും വാഹന പാർക്കിങ്ങിനും സൗകര്യപ്പെടുത്താനാണ് വേങ്ങര ബ്ലോക്ക് പഞ്ചായത്തിന്റെ നീക്കമെന്നറിയുന്നു.
പതിറ്റാണ്ടുകൾക്ക് മുമ്പേ കിടത്തി ചികിത്സയും സ്ത്രീ രോഗ വിഭാഗവുമൊക്കെ കാര്യക്ഷമമായി നടന്നിരുന്ന ഈ ആശുപത്രിക്ക് മൂന്നു നിലകളിലായി വമ്പൻ കെട്ടിടം നിർമ്മിച്ചുവെങ്കിലും പഴയ പ്രതാപത്തിലേക്ക് തിരിച്ചു പോവാൻ കഴിഞ്ഞിട്ടില്ല. ബ്ലോക്കിലെ മുഴുവൻ പഞ്ചായത്തുകളിലെയും ആളുകൾക്ക് ആശ്രയമായിരുന്ന ഈ ആതുരാലയത്തിൽ സൗകര്യങ്ങൾ ഇപ്പോഴും കുറവാണ്. ഡയാലിസിസ് സെന്റർ വരുമെന്ന പ്രതീക്ഷയിൽ നിർമ്മിച്ച കെട്ടിടത്തിൽ ഡയാലിസിസ് സെന്റർ തുടങ്ങുന്നതിനു സർക്കാരിന്റെ ഭാഗത്തു നിന്നു സാങ്കേതിക തടസ്സങ്ങളുണ്ടെന്നു ബ്ലോക്ക് മെമ്പർ സി. എം അസീസ് ഉൾപ്പെടെയുള്ളവർ പറയുന്നു.
കിടത്തി ചികിത്സ കാര്യക്ഷമമല്ലാത്തതിനാൽ ഡോക്ടർമാർ ആശുപത്രിക്കടുത്ത് താമസിക്കേണ്ട ആവശ്യവും വരുന്നില്ല.വേങ്ങര ലൈവ്.അത് കൊണ്ട് കൂടിയാണ് കോർട്ടേഴ്‌സുകൾ നിന്നിടത്തു വയോജന പാർക്ക് നിർമ്മിക്കാൻ തീരുമാനിച്ചതെന്നു ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബെൻസീറ ടീച്ചർ മാധ്യമത്തോട് പറഞ്ഞു.
പാർക്കിനോടനുബന്ധിച്ചു ഓപ്പൺ ജിമ്നീഷ്യവും നിർമ്മിക്കാൻ പദ്ധതിയുണ്ടെന്നു ബന്ധപ്പെട്ടവർ പറയുന്നു.