'സമുദായ ഐക്യം കാലത്തിന്റെ അനിവാര്യത'; സാദിഖലി ശിഹാബ് തങ്ങളുമായി ഹറം ഇമാം കൂടിക്കാഴ്ച നടത്തി

മസ്ജിദുന്നബവി ഇമാം അബ്ദുള്ള അബ്ദുർ റഹ്മാൻ അൽ ബുഅയ്ജാനുമായി പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ കൂടിക്കാഴ്ച നടത്തി. കോഴിക്കോട് റാവിസ് കടവ് റിസോർട്ടിലായിരുന്നു കൂടിക്കാഴ്ച.

 വിഭാഗീയതയില്ലാതെ സമുദായത്തിലെ എല്ലാവരെയും ഉൾക്കൊള്ളുന്ന ഒരു രാഷ്ട്രീയ, സാമൂഹിക സംഘടന ഈ രാജ്യത്ത് നിലനിൽക്കേണ്ടത് കാലത്തിന്റെ ആവശ്യമാണെന്ന് ഹറം ഇമാം പറഞ്ഞു. സമുദായ ഐക്യം ഏറ്റവും അനിവാര്യമായ സമയമാണിത്. ലോക മുസ്‌ലിംകൾ അത് ആഗ്രഹിക്കുന്നുണ്ട്. ഇന്ത്യയിൽ, വിശിഷ്യാ കേരളത്തിൽ സുന്നി സൂഫി സലഫി വിഭാഗങ്ങളെല്ലാം മുസ്‌ലിംലീഗിന്റെ കുടക്കീഴിൽ പ്രവർത്തിക്കുന്നത് മാതൃകാപരമായ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. 

എല്ലാ വിഭാഗങ്ങളെയും ഒരുമിച്ചിരുത്തുന്ന പ്ലാറ്റ്‌ഫോം ശക്തിപ്പെടേണ്ടത് ആവശ്യമാണ്. കേരളത്തിൽ മുസ്ലിംലീഗിന്റെ നേതൃത്വത്തിൽ അങ്ങനെയൊരു സംവിധാനമുണ്ട് എന്ന് നേരത്തെ അറിയാം. അതിൽ വലിയ സന്തോഷമുണ്ട്. സമുദായം ഐക്യപ്പെടണം. ഇന്ത്യയിലെ ന്യൂനപക്ഷത്തിന്റെ കാര്യങ്ങൾ പാർലമെന്റിൽ അവതരിപ്പിക്കാൻ നിങ്ങൾക്ക് എം.പിമാരുണ്ട് എന്നത് വലിയ കാര്യമാണ്. രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക മേഖലകളിൽ നേതൃത്വം നൽകുന്ന ഒരു മുസ്‌ലിം സംഘടനക്ക് ഒരുപാട് കാര്യങ്ങൾ ചെയ്യാൻ കഴിയും. സർക്കാർ തലങ്ങളിൽ ഇടപെടലുകൾ നടത്തി സമുദായത്തിന്റെ അന്തസ്സ് നിലനിർത്താൻ സാധിക്കും.- അബ്ദുള്ള അബ്ദുർറഹ്മാൻ അൽ ബുഅയ്ജാൻ പറഞ്ഞു. 

സാദിഖലി ശിഹാബ് തങ്ങളുമായുള്ള കൂടിക്കാഴ്ചയിൽ അദ്ദേഹം വലിയ സന്തോഷം പ്രകടിപ്പിച്ചു. മത സഹിഷ്ണുതയും സമാധാനവും പ്രചരിപ്പിക്കുന്നതിന്റ ഭാഗമായി സൗദി ഗവൺമെന്റിന്റെ നിർദേശ പ്രകാരം ഇരു ഹറമുകളിലെയും ഇമാമുമാർ വിവിധ രാജ്യങ്ങൾ സന്ദർശിച്ചുവരികയാണ്. ഈ സന്ദർശനങ്ങളുടെ ഭാഗമായാണ് മസ്ജിദുന്നബവി ഇമാം അബ്ദുള്ള അബ്ദുർ റഹ്മാൻ അൽ ബുഅയ്ജാൻ ഇന്ത്യയിലെത്തിയത്.

 സമുദായ ഐക്യത്തിന്റെയും സമാധാനത്തിന്റെയും സന്ദേശവുമായി ഹറം ഇമാം ഇന്ത്യ സന്ദർശിച്ചതിൽ സന്തോഷമുണ്ടെന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള ആത്മബന്ധം ശക്തിപ്പെടുത്താൻ ഈ സന്ദർശനം ഉപകരിക്കുമെന്നും സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}