വേങ്ങരയിൽ അരക്കോടി ചെലവഴിച്ചു നിർമ്മിച്ച സർക്കാർ കെട്ടിടം അനാഥമായി

വേങ്ങര: ആയിരത്തിഅഞ്ഞൂറ് ചതുരശ്ര അടി വിസ്തീർണ്ണത്തിലുള്ള ഇരുനില കെട്ടിടം അനാഥമാവുന്നു. വേങ്ങര പഞ്ചായത്തിലെ പാണ്ടികശാലയിൽ വലിയോറ വാക്കികയം റഗുലേറ്ററിനു സമീപത്തായി നിർമ്മിച്ച ഇരുനില കെട്ടിടമാണ് ആർക്കും വേണ്ടാതെ അനാഥമായത്. അഞ്ചുവർഷം മുമ്പ് വാക്കിക്കയം റെഗുലേറ്റർ നിർമ്മാണത്തിന്റെ ഭാഗമായാണ് ലോകബാങ്ക് ഫണ്ട് ഉപയോഗിച്ച് ജലനിധി പദ്ധതിക്കായി ഇറിഗേഷൻ വകുപ്പാണ് ഈ കെട്ടിടം നിർമ്മിച്ചത്. 
തിരൂരങ്ങാടി ഇറിഗേഷൻ ഓഫീസ് വിഭജിച്ചു വേങ്ങര നിലവിൽ വന്നെങ്കിലും വേങ്ങരയുടെ ഓഫീസ് പ്രവർത്തിക്കുന്നത് ഇപ്പോൾ മലപ്പുറത്താണ്. ഈ ഓഫീസ് വേങ്ങരയിൽ നിർമ്മിച്ച കെട്ടിടത്തിലേക്ക് മാറണമെന്ന് കർഷകരും വര്ഷങ്ങളായി ആവശ്യപ്പെട്ടു കൊണ്ടിരിക്കുന്നു. സ്ഥലത്തിന്റെ ഉടമസ്ഥാവകാശത്തെചൊല്ലിയുള്ള തർക്കമാണ് ഈ കെട്ടിടം അനാഥമായി കിടക്കാൻ കാരണമെന്ന് നാട്ടുകാർ പറയുന്നു. എന്നാൽ സർക്കാർ സ്ഥലത്ത് ഇറിഗേഷൻ വകുപ്പ് നിർമ്മിച്ച കെട്ടിടത്തിന്റെ ഉടമസ്ഥാവകാശം ഇരിഗേഷൻ വകുപ്പിന് ഇല്ലെന്ന് പറയുന്നത് ശുദ്ധ അസംബന്ധമാണെന്ന് ജലനിധി പ്രോജക്റ്റ് ഡെപ്യൂട്ടി ഡയറക്ടർ പ്രദീപ്‌ മാധ്യമത്തോട് പറഞ്ഞു. എന്നാൽ ജലനിധി നൽകിയ ലോക ബാങ്ക് ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച കെട്ടിടത്തിന്റെ ഉടമസ്ഥാവകാശം മൈനർ ഇറിഗേഷന് കൈമാറിയിട്ടില്ലെന്നതാണ് ഇരിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥരുടെ വാദം. അരക്കോടി രൂപ ചെലവിൽ ആധുനിക രീതിയിൽ നിർമ്മിച്ച കെട്ടിടം വയറിങ് ജോലികൾ ഉൾപ്പെടെ മുഴുവൻ ജോലികളും പൂർത്തിയായിട്ടുണ്ട്.വൈദ്യുതി കണക്ഷൻ ലഭിക്കാൻ മാത്രമാണ് ഇനി ബാക്കിയുള്ളത്. 
ഒരു വർഷം മുമ്പ് വേങ്ങരയിൽ അനുവദിച്ച മൈനർ ഇറിഗേഷൻ വേങ്ങര സെക്ഷൻ ഓഫീസ് പ്രവർത്തിക്കാൻ കെട്ടിട സൗകര്യമില്ലാതെ മൈനർ ഇറിഗേഷൻ വിഭാഗം പ്രതിസന്ധിയിലായിട്ടുംഈ കെട്ടിടം ഏറ്റെടുക്കാൻ തയ്യാറായില്ലെന്ന് നാട്ടുകാർക്ക് ആക്ഷേപമുണ്ട്. വൈദ്യുതി കണക്ഷന് അപേക്ഷ നൽകാൻ ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടിട്ടും കെട്ടിടം കൈമാറി കിട്ടിയിട്ടില്ലെന്ന് കാരണം പറഞ്ഞ് ഉദ്യോഗസ്ഥർ ഒഴിഞ്ഞു മാറുകയാണ്. അതേ സമയം കടലുണ്ടിപ്പുഴയുടെ പുറമ്പോക്കിൽ അഞ്ചു സെന്റോളം വരുന്ന സ്ഥലത്ത് നിർമിച്ച ഈ കെട്ടിടം വേങ്ങര ഗ്രാമപഞ്ചായത്തിന് കൈമാറണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ജലവിഭവ വകുപ്പ് മന്ത്രിക്കും വാർഡ് മെമ്പർ യൂസുഫലി വലിയോറ കത്ത് നൽകിയെങ്കിലും നടപടിയായില്ലെന്നു ജനപ്രതിനിധിക്കും പരാതിയുണ്ട്. കെട്ടിടം അനാഥമായതോടെ ഇവിടം തെരുവു നായ്ക്കളുടെ അഴിഞ്ഞാട്ടമാണ് നടക്കുന്നത്.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}