മലപ്പുറം: സ്രഷ്ടാവിൽനിന്നുള്ള യഥാർഥ വിജ്ഞാനം നേടുന്നവർക്കേ പ്രതിസന്ധികളെ അതിജീവിക്കാൻ കഴിയൂവെന്ന് ഹറം ഇമാം ഡോ. അബ്ദുല്ല അബ്ദുറഹ്‌മാൻ അൽബു അയ്ജാൻ അഭിപ്രായപ്പെട്ടു.
സ്രഷ്ടാവിൽനിന്നുള്ള അറിവുകൾ മാനവികത ഊട്ടിയുറപ്പിക്കാനും സഹജീവി സ്‌നേഹം വളർത്താനും ഇടയാക്കും. മതവിജ്ഞാനം നേടുന്ന സമൂഹത്തിനേ സാംസ്കാരികമായി നിലനിൽക്കാൻ കഴിയൂ. മതം അനുസരിച്ച് ജീവിക്കുകയും അത് പ്രബോധനം നടത്തുകയും ചെയ്യുകയെന്നത് ഓരോരുത്തരുടെയും ബാധ്യതയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മിനി ഊട്ടിയിലെ വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷന്റെ വിദ്യാഭ്യാസ സ്ഥാപനമായ ജാമിഅഃ അൽ ഹിന്ദ് അൽ ഇസ്‌ലാമിയ്യ സന്ദർശിച്ച് സംസാരിക്കുകയായിരുന്നു ഹറം ഇമാം. വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡന്റ് പി.എൻ. അബ്ദുല്ലത്തീഫ് മദനി, ജനറൽ സെക്രട്ടറി ടി.കെ. അശ്‌റഫ്, വൈസ് പ്രസിഡന്റ് അബൂബക്കർ സലഫി, ജാമിഅഃ അൽ ഹിന്ദ് ഡയറക്ടർ ഫൈസൽ മൗലവി പുതുപറമ്പ്, നാസർ ബാലുശേരി, സി.പി. സലീം, അബ്ദുൽ മാലിക് സലഫി, ഹംസ മദീനി, ഡോ. പി.പി. നസീഫ് തുടങ്ങിയവർ പങ്കെടുത്തു.