കോട്ടയ്ക്കൽ: കാലിക്കറ്റ് യൂണിവേഴ്‌സിറ്റി കാമ്പസ് ഹയർസെക്കൻഡറി സ്കൂളിൽവെച്ച് നടന്ന വേങ്ങര ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ, ഹയർസെക്കൻഡറി ജനറൽ, അറബിക്, സംസ്കൃതം വിഭാഗങ്ങളിലെല്ലാം ഏറ്റവുംകൂടുതൽ പോയിന്റുകൾ നേടി തുടർച്ചയായി പതിനാറാം തവണയും ഓവറോൾ ഒന്നാംസ്ഥാനം എടരിക്കോട് പി.കെ.എം.എം.എച്ച്.എസ്.എസ്. നേടിയെടുത്തു.
മികച്ച വിജയംനേടിയ കലാപ്രതിഭകൾക്ക് സഹപാഠികളും അധ്യാപകരും സ്വീകരണമൊരുക്കി. ചങ്കുവെട്ടിയിൽനിന്ന് ഘോഷയാത്രയായി കലാപ്രതിഭകളെ സ്കൂളിലേക്ക് ആനയിച്ചു. പ്രിൻസിപ്പൽ കെ. മുഹമ്മദ് ഷാഫി ഉദ്ഘാടനംചെയ്തു. പ്രഥമാധ്യാപകൻ ടി. അബ്ദുൽ മജീദ് അധ്യക്ഷനായി. പി.കെ. അഹമ്മദ്, കെ.പി. നാസർ, കെ.ആർ. ഗണേഷ്, സ്വാതിഷ് തുടങ്ങിയവർ സംസാരിച്ചു.