കോട്ടക്കൽ: സമയക്രമത്തെ ചൊല്ലി സ്വകാര്യ ബസ് ജീവനക്കാർ നടുറോഡിൽ ഏറ്റുമുട്ടി. ഇരു ബസുകളിലെയും യാത്രക്കാർ പെരുവഴിയിലായി. സംഭവവുമായി ബന്ധപ്പെട്ട് ജീവനക്കാർക്കെതിരെ കോട്ടക്കൽ പൊലീസ് കേസെടുത്തു. ദേശീയപാത 66ൽ ചങ്കുവെട്ടി ജങ്ഷനിൽ വ്യാഴാഴ്ച രാവിലെ പതിനൊന്നരയോടെയാണ് സംഭവം.
കോഴിക്കോട്-ഗുരുവായൂർ റൂട്ടിൽ സർവിസ് നടത്തുന്ന പാരഡൈസ് ബസിലെയും കോട്ടക്കൽ-വളാഞ്ചേരി റൂട്ടിൽ സർവിസ് നടത്തുന്ന വടക്കൻ ബസിലെയും ജീവനക്കാരാണ് സംഘർഷത്തിലേർപ്പെട്ടത്. ഗുരുവായൂരിലേക്കുള്ള ബസിൽ വളാഞ്ചേരി ഭാഗത്തേക്കുള്ള യാത്രക്കാരെ കയറ്റിയെന്ന് ആരോപിച്ചാണ് തർക്കം തുടങ്ങിയത്. ഇതോടെ ഗുരുവായൂരിലേക്കുള്ള ബസിന് വളാഞ്ചേരിയിലേക്കുള്ള ബസ് വിലങ്ങിട്ടു.
തുടർന്ന് വാക്കുതർക്കത്തിലും കൈയാങ്കളിയിലും ഏർപ്പെട്ടു. ഇതിനിടയിൽ പാരഡൈസ് ബസിന്റെ സൈഡിലെ ചില്ല് തകർന്നതോടെ ജീവനക്കാർ ബസിൽനിന്ന് പുറത്തിറങ്ങി പരസ്പരം ഏറ്റുമുട്ടുകയായിരുന്നു. സംഭവമറിഞ്ഞ് പൊലീസ് എത്തി ബസുകൾ കസ്റ്റഡിയിൽ എടുത്തു. യാത്ര മുടങ്ങിയതോടെ യാത്രക്കാർ മറ്റു ബസുകളിൽ ലക്ഷ്യസ്ഥാനത്തേക്ക് തിരിച്ചു.