തിരൂരങ്ങാടി: കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത ശക്തമായ മഴയിൽ വെഞ്ചാലി, ചെറുമുക്ക്, പള്ളിക്കത്താഴം, വെന്നിയൂർ, കപ്രാട്, കളിയാട്ടമുക്ക്, തലപ്പാറ, മുട്ടിച്ചിറ, ഉള്ളണം തുടങ്ങിയ ഭാഗങ്ങളിൽ ഏക്കറുകണക്കിന് വയലുകൾ വെള്ളത്തിലായി. ഞാറുനട്ട് ദിവസങ്ങൾ മാത്രമായ വയലുകളാണ് പലയിടങ്ങളിലും മൂടിപ്പോയത്. ഞാറ് തയ്യാറാക്കുന്ന വയലുകളും വെള്ളത്തിൽ മൂടിപ്പോയിട്ടുണ്ട്.
മൂന്നിയൂർ, നന്നമ്പ്ര, തിരൂരങ്ങാടി, എ.ആർ. നഗർ കൃഷി ഓഫീസുകൾക്കു കീഴിൽ ഏക്കറുകണക്കിന് വയലുകളിലെ പച്ചക്കറി, മരച്ചീനി, വാഴ തുടങ്ങിയ കൃഷികളും വെള്ളത്തിലായി. കൃഷിയിടങ്ങളിലെ വെള്ളം ഒഴുകിപ്പോകുന്നത് വൈകുന്നതോടെ കൃഷിനാശവും കൂടുമെന്ന ആശങ്കയിലാണ് കർഷകർ.
വെഞ്ചലി, ചെറുമുക്ക്, നന്നമ്പ്ര എന്നിവിടങ്ങളിൽ തലാപ്പിൽ സലാം, മാലിഖ് കുന്നത്തേരി, അരീക്കാട്ട് മരക്കാരുട്ടി, ഇബ്‌റാഹീം കുറുപ്പകനത്ത്, അബ്ദുറഹീം കാരാടൻ, കൊളക്കാടൻ സൈതലവി, ഉസ്‌മാൻ പൂക്കയിൽ തുടങ്ങി നിരവധി കർഷകരുടെ കൃഷിയിടങ്ങളാണ് വെള്ളത്തിൽ മൂടിയിരിക്കുന്നത്. മൂന്നിയൂർ തലപ്പാറ, മുട്ടിച്ചിറ, കളിയാട്ടമുക്ക് തുടങ്ങിയ ഭാഗങ്ങളിൽ അന്തംവീട്ടിൽ ഹരിദാസൻ, ഒടാട്ട് സന്തോഷ്, സി.കെ. രാജീവ്, കാളങ്ങാടൻ യാഹു, ശ്രീനിവാസൻ, വി.പി. ദാസൻ, സി.പി. ഖാദർ, അന്തംവീട്ടിൽ അപ്പുക്കുട്ടൻ, സി.പി. സൈതലവി, ബി. രാജൻ, അലവി തുടങ്ങിയവരുടെ കൃഷിയിടങ്ങളാണ് വെള്ളത്തിൽ മൂടിപ്പോയത്.