വേങ്ങര: അഖിലഭാരത അയ്യപ്പസേവാസംഘം വേങ്ങര തളി ശാഖ കച്ചേരിപ്പടി ജവാൻ കോളനി തളി ശിവക്ഷേത്രത്തിൽ നടത്തിയ ഗുരു താമസ്വാമി അയ്യപ്പൻവിളക്ക് സമാപിച്ചു. ശനിയാഴ്ച പുലർച്ചെ ഗണപതിഹോമത്തോടെയാണ് ചടങ്ങുകൾ തുടങ്ങിയത്. തുടർന്ന് കുടിയിരുത്തൽ, ഉച്ചപ്പൂജ, സമൂഹത്തിലെ നാനാതുറകളിൽനിന്നുള്ളവർ പങ്കെടുത്ത അന്നദാനം, പാലക്കൊമ്പെഴുന്നള്ളിപ്പ്, രാത്രി അയ്യപ്പൻപാട്ട്, പേട്ടവിളി, കനലാട്ടം എന്നിവ നടന്നു.
ഞായറാഴ്ച പുലർച്ചെ നാലിന് തിരിയുഴിച്ചിൽ, അയ്യപ്പനും വാവരും, വെട്ടും തടവും എന്നിവയ്ക്കുശേഷം ഗുരുതിതർപ്പണത്തോടെ പരിപാടികൾ സമാപിച്ചു. കളിയാട്ടമുക്ക് സി.കെ. മാനുക്കുട്ടനും സംഘവും കാർമികത്വംവഹിച്ചു.
ക്ഷേത്ര കമ്മിറ്റി ഭാരവാഹികളായ പറാട്ട് മണികണ്ഠൻ, പത്മനാഭൻ കരങ്ങാടൻ, മനോജ് ഇടത്തിൽ, ശ്രീജിത്ത് പാറയിൽ, സുരേന്ദ്രൻ പട്ടയിൽ, ദാമോദരൻ പനക്കൽ തുടങ്ങിയവർ നേതൃത്വംനൽകി.