ബ്രിട്ടീഷുകാര്‍ ഇന്ത്യയില്‍ കോളനി സ്ഥാപിച്ച കാലത്താണ് ഇന്ത്യ ഒരു റിപ്പബ്ലിക്കായി മാറുന്നതിനുള്ള യാത്ര ആരംഭിച്ചത്. 1947 ഓഗസ്റ്റ് 15ന് രാജ്യം സ്വാതന്ത്ര്യം നേടിയെങ്കിലും തുടക്കകാലത്ത് ബ്രിട്ടീഷുകാരുടെ നിയമനിര്‍മാണത്തിന് കീഴിലാണ് രാജ്യം പ്രവര്‍ത്തിച്ചിരുന്നത്. ജനാധിപത്യ തത്വങ്ങളും വൈവിധ്യമാര്‍ന്ന പൈതൃകവും ഉള്‍ക്കൊള്ളുന്ന രാജ്യത്തിന്റെ സ്വന്തം ചട്ടക്കൂട് ആവശ്യമായിരുന്നു. തുടർന്നാണ് ഭരണഘടന സ്ഥാപിക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ രാജ്യം നടത്തിയത്
വലിയതോതിലുള്ള ചര്‍ച്ചകള്‍ക്കു മറ്റും ശേഷം ഭരണഘടനാ അസംബ്ലി 1949 നവംബര്‍ 26ന് ഇന്ത്യന്‍ ഭരണഘടന അംഗീകരിച്ചു. എങ്കിലും അത് നടപ്പിലാക്കിയത് 1950 ജനുവരി 26ന് ആയിരുന്നു. അന്നാണ് രാജ്യം ഔദ്യോഗികമായി സ്വതന്ത്ര റിപ്പബ്ലിക്കായി മാറിയത്. അന്ന് മുതല്‍ എല്ലാ വര്‍ഷവും ജനുവരി 26ന് രാജ്യം റിപ്പബ്ലിക് ദിനം ആചരിച്ചുവരുന്നു
ഭരണഘടന നിലവില്‍ വരുന്നതിന് ജനുവരി 26 തിരഞ്ഞെടുത്തത് എന്തുകൊണ്ട്?
ജനുവരി 26 എന്ന തീയതിയുടെ തിരഞ്ഞെടുപ്പിന് ആഴത്തിലുള്ള ചരിത്രപ്രാധാന്യമുണ്ട്. 1930 ജനുവരി 26നാണ് ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ നേതൃത്വത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ‘പൂര്‍ണ സ്വരാജ്’ പ്രഖ്യാപിച്ചത്. ഇന്ത്യയുടെ സ്വാതന്ത്ര്യസമര പോരാട്ടത്തില്‍ ഈ പ്രഖ്യാപനത്തിന് നിര്‍ണായകമായ സ്ഥാനമുണ്ട്. തുടര്‍ന്ന് ഭരണഘടന നിലവില്‍ വരുന്നതിന് ഈ ദിവസം തന്നെ തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യസമരവും ഇന്ത്യയുടെ റിപ്പബ്ലിക്കന്‍ സ്വത്വവും തമ്മില്‍ അര്‍ത്ഥവത്തായ ഒരു ബന്ധം സൃഷ്ടിക്കുന്ന ദിനമാണിത്.