വേങ്ങര : പറപ്പൂരിൽ വെട്ടിപ്പൊളിച്ച റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടു വേങ്ങര ബ്ലോക്ക് അംഗം നാസർ പറപ്പൂർ അദാനി ഗ്രൂപ്പ് ഗ്യാസ് ലൈൻ മലപ്പുറം ഇൻചാർജ്ജ് ഹരികൃഷ്ണയോട് നേരിട്ട് ആവശ്യപ്പെടുകയും രേഖാമൂലം കത്ത് നൽകുകയും ചെയ്തു. വെട്ടിപ്പൊളിച്ച റോഡുകൾ എത്രയും പെട്ടെന്ന് പൂർവ സ്ഥിതിയിലാക്കണമെന്നും അദ്ദേഹം ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. ഈ നിർമ്മാണപ്രവർത്തനങ്ങൾ എത്രയും പെട്ടെന്ന് പൂർത്തിയാക്കിയാൽ മാത്രമേ ത്രിതല പഞ്ചായത്തുകളുടെ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകാൻ സാധിക്കുകയുള്ളുവെന്നും, അദ്ദേഹം മുന്നറിയിപ്പ് നൽകി.
കോൺക്രീറ്റ് ചെയ്ത റോഡുകൾ വെട്ടിപ്പൊളിച്ചത് കാരണം പൊതുജനത്തിനുണ്ടാകുന്ന ആരോഗ്യ, യാത്ര പ്രശ്നങ്ങൾ പരിഹരിക്കണമെന്നും നിർമ്മാണത്തിനായി വീടുകളിൽ നിന്നും വൈദ്യുതി ഉപയോഗിക്കരുതെന്നും ഉപയോഗിച്ചാൽ അതിനുള്ള പണം ഉപഭോക്താവിന് നൽകണമെന്നും ആവശ്യപ്പെട്ട് ബ്ലോക്ക് പഞ്ചായത്ത് അംഗം നൽകിയ പരാതിക്ക് ഉടനടി പരിഹാരം ഉണ്ടാക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചതായും അദ്ദേഹം മാധ്യമത്തോട് പറഞ്ഞു. അദാനി അധികൃതരുമായുള്ള ചർച്ചയിൽ ഇസ്മായിൽ ഊർശ മണ്ണിൽ, റഹീസ് പങ്ങിണിക്കാടൻ,അലീഷ്, ദിൽഖാസ് എന്നിവർ പങ്കെടുത്തു.