വേങ്ങര: അദാനി ഗ്യാസ് പൈപ്പ്ലൈൻ നിർമ്മാണത്തിനായി പറപ്പൂർ പഞ്ചായത്തിലെ ഏതാണ്ടെല്ലാ ഗ്രാമീണ റോഡുകളും പൊളിച്ചു നാനാവിധമാക്കിയതിൽ നാട്ടുകാർക്ക് പരാതി. ചോലക്കുണ്ട് ഹരിജൻ കോളനി റോഡ്, വീണാലുക്കൽ - പഞ്ചായത്ത് ഓഫീസ് റോഡ്, തെക്കേക്കുളമ്പ് - ആലച്ചുള്ളി റോഡ്, ആലച്ചുള്ളി - മലബാർ റോഡ് എന്നീ റോഡുകളിലാണ് കമ്പ്രസർ ഉപയോഗിച്ച് ആഴത്തിലുള്ള കിടങ്ങുകൾ നിർമിച്ചത്.
ഒരു വാഹനത്തിനു മാത്രം കടന്നു പോകാൻ വീതിയുള്ള റോഡുകളിൽ കിടങ്ങു കീറിയതോടെ റോഡിലൂടെയുള്ള ഗതാഗതവും മുടങ്ങിയ മട്ടാണ്. മാത്രമല്ല, വീടുകളിലേക്കുള്ള കണക്ഷൻ നൽകുന്നതിനായി കിടങ്ങു കീറാൻ വീടുകളിൽ നിന്ന് തന്നെ വൈദ്യുതി ഉപയോഗിക്കുന്നതായും നാട്ടുകാർക്ക് പരാതിയുണ്ട്. കമ്പ്രസർ ഉപയോഗിക്കാൻ വീടുകളിൽ നിന്ന് വലിച്ച വൈദ്യുതിയുടെ ബില്ല് അടക്കേണ്ട ബാധ്യത അതാത് വീട്ടുകാർക്കായിരിക്കും. പൈപ്പ് ലൈൻ വലിച്ചു കഴിഞ്ഞ കിടങ്ങുകൾ മൂടി റോഡ് ആദ്യപടിയാക്കുന്നതിനുള്ള ഒരു നടപടിയും അധികൃതർ സ്വീകരിക്കുന്നില്ല.