വേങ്ങര : പീസ് പബ്ലിക് സ്കൂൾ, വേങ്ങരയിലെ വാർഷികാഘോഷപരിപാടി ഫെസ്റ്റീവ് 2k25 വർണ്ണസുരഭിലമായ പരിപാടികളാൽ സമ്പന്നമായി.
പ്രസ്തുതപരിപാടിയിൽ മുഖ്യാതിഥിയായി ശ്രദ്ധേയനായ മോട്ടിവേഷണൽ സ്പീക്കർ ജലീൽ പരപ്പനങ്ങാടി പങ്കെടുത്തു.
"പുതുതലമുറയിൽ ധാർമ്മികമായ മൂല്യബോധം ഇല്ലാതായി കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ, സന്മാർഗിക ചിന്തകൾ പകർന്ന് തരുന്ന മൂല്യബോധം വളർത്തുന്ന ഇത്തരത്തിലുള്ള വിദ്യാലയങ്ങൾ നാടിനും വളർന്ന് വരുന്ന വിദ്യാർത്ഥികൾക്കും ഒരു മുതൽകൂട്ടാണെന്ന് അദ്ദേഹം ഉദ്ഘാടന വേളയിൽ പ്രത്യേകം പരാമർശിച്ചു.
സ്കൂൾ മാനേജിങ് ഡയറക്ടർ ഡോ.പി.എ കബീർ അധ്യക്ഷപ്രസംഗവും, സ്കൂൾ ചെയർമാൻ ഫെസൽ തറമ്മൽ മുഖ്യപ്രഭാഷണവും നടത്തി.
സ്കൂൾ ഡയറക്ടർമാരായ സലീം ചാലിയം, റഷീദ് പി.പി, മുഹമ്മദ് അഷറഫ്(പി.ടി .എ പ്രസിഡൻ്റ്) തുടങ്ങിയവർ ആശംസകൾ കൈമാറി. സ്കൂൾ പ്രിൻസിപ്പൽ ജാസ്മിർ ഫൈസൽ എം സ്വാഗതവും ഹെഡ് ബോയ് ആബിസ് അമാൻ നന്ദിയും പറഞ്ഞു.
പീസ് പബ്ലിക് സ്കൂളിലെ കലാപ്രതിഭകൾ മാറ്റുരച്ച പരിപാടികളാൽ ഫെസ്റ്റീവ് 2k25 തികച്ചും ഒരു ആഘോഷരാവായി മാറി. ഉദ്ഘാടന ചടങ്ങിൽ സ്ഥാപനത്തിൽ പത്ത് വർഷം പൂർത്തിയാക്കിയ ജീവനക്കാരെയും സംസ്ഥാനതലത്തിൽ നടത്തിയ ഹിന്ദി സ്കോളർഷിപ്പ് , എം.സാറ്റ്(MSAT) പരീക്ഷകളിൽ റാങ്ക് നേടിയ വിദ്യാർത്ഥികളെയും, വിവിധ ഗ്രൈഡുകളിൽ പഠന-പാഠ്യേതര പ്രവർത്തനങ്ങളിൽ മികച്ച നിലവാരം പുലർത്തിയ വിദ്യാർത്ഥികളെ പ്രത്യേകം ആദരിക്കുകയും ചെയ്തു.
ആഘോഷരാവിന്
മാറ്റുകൂട്ടാൻ ഒപ്പന ,വട്ടപ്പാട്ട് ,നാടൻപാട്ട് ,ഖുർആൻ പാരായണം, അറേബ്യൻഡാൻസ് , ദൃശ്യാവിഷ്ക്കാരം , മൈം, ഗ്രൂപ്പ് ഡാൻസുകൾ തുടങ്ങി നിരവധി പരിപാടികൾ വേദിയിൽ അരങ്ങേറി.
പ്രസ്തുതപരിപാടിയിൽ ആയിരത്തിലേറെ രക്ഷിതാക്കളും വിദ്യാർത്ഥികളും പങ്കു ചേർന്നു.
രാവിനെ പകലാക്കി മാറ്റിയ പരിപാടി അക്ഷരാർത്ഥത്തിൽ ഒരു കലാവിരുന്ന് തന്നെയാണ് സമ്മാനിച്ചത്.