വേങ്ങര: പഠന പ്രവർത്തനങ്ങളുടെ ഭാഗമായി ഊരകം കുറ്റാളൂർ ജി.എൽ.പി സ്കൂളിലെ കുട്ടികൾ വേങ്ങര പോലീസ് സ്റ്റേഷൻ സന്ദർശിച്ചു.പോലീസിന്റെ സേവനങ്ങളും പ്രവർത്തനരീതിയും ലോക്കപ്പ് മുറി ഉൾപ്പെടെയുള്ള സംവിധാനങ്ങളും വിശദമായി പരിചയപ്പെട്ട കുട്ടികൾ വിവിധ തരം തോക്കുകളും ലാത്തിയും കണ്ടപ്പോൾ കൗതുകവും ജിഗ്ഞാസയും വർധിച്ചു.
ലോക്കപ്പിൽ പോലീസ് എന്തൊക്കെ ചെയ്യും, തോക്കുകൾ കളിത്തോക്കൊ ഒറിജിനലോ, ദുർഗണ പരിഹാരപാഠശാലയിലെ സൗകര്യങ്ങൾ തുടങ്ങിയ ചോദ്യങ്ങളുമായി കുട്ടികൾ സന്ദർശനം വേറിട്ടതാക്കി. സബ് ഇൻസ്‌പെക്ടർ സുരേന്ദ്രൻ, സിവിൽ പോലീസ് ഓഫീസർ റിൻഷാദ് എന്നിവർ കുട്ടികളുമായി സംവദിച്ചു.പോലീസിനോടും സ്റ്റേഷനോടും ഉള്ള പേടി കുറഞ്ഞെങ്കിലും കുറ്റവാളി ആയിക്കൊണ്ട് ജീവിതത്തിലൊരിക്കലും പോലീസ് സ്റ്റേഷൻ സന്ദർശിക്കുന്ന സാഹചര്യം ഉണ്ടാക്കില്ലെന്ന് പ്രതിജ്ഞ ചൊല്ലിയാണ് കുട്ടികൾ സ്റ്റേഷൻ വിട്ടത്.
സ്കൂൾ സാമൂഹ്യ ശാസ്ത്ര ക്ലബ് കൺവീനർ സൗമ്യ കെ. എസ്, ഫെർനാണ്ടസ്, ജിൻഷ് കെ.പി, രതി. എം.പി, ലിജിത, ശശീന്ദ്രൻ എന്നിവർ നേതൃത്വം നൽകി.