കൊണ്ടോട്ടി : കരിപ്പൂരിൽ നിന്നുള്ള ഹജ്ജ് തീർത്ഥാകരിൽ നിന്നും അമിത ചാർജ് ഈടാക്കിയുള്ള എയർഇന്ത്യയുടെ കൊള്ളക്കെതിരെ സംസ്ഥാന സർക്കാരിന്റെ ശക്തമായ ഇടപെടൽ ഉണ്ടാവണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരള ഹജ്ജ് വെൽഫെയർ അസോസിയേഷൻ ഭാരവാഹികൾ ബഹു.സംസ്ഥാന ഹജ്ജ് വഖഫ് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാനുമായി കൂടിക്കാഴ്ച നടത്തി നിവേദനം സമർപ്പിച്ചു. മേൽ വിഷയത്തിൽ സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാരിൽ നിരന്തരം സമ്മർദ്ദം ചെലുത്തുമെന്ന് മന്ത്രി ഉറപ്പ് നൽകി.
കൊച്ചിയിൽ നിന്ന് 86000 രൂപയും കണ്ണൂരിൽ നിന്ന് 87000 രൂപയുമാണ് വിമാന ചാർജ്ജ്. എന്നാൽ കണ്ണൂരിൽ നിന്നും സർവ്വീസ് നടത്തുന്ന എയർ ഇന്ത്യ കരിപ്പൂരിൽ നിന്ന് മാത്രം 125000 രൂപ വിമാന ചാർജ്ജ് ഈടാക്കുന്നു. ഇത് മൂലം ഒരു ഹാജിക്ക് 40000 രൂപയുടെ അധിക ബാധ്യതയാണ് വരുന്നത്. ഈ അനീതിക്കെതിരെ സർക്കാരും ജനപ്രതിനിധികളും, ഹജ്ജ് കമ്മിറ്റിയും ശക്തമായ ഇടപെടൽ നടത്തണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു.
കേരള ഹജ്ജ് വെൽഫെയർ അസോസിയേഷൻ നേതാക്കളായ പി. അബ്ദുൽ കരീം,പി. അബ്ദു റഹ്മാൻ ഇണ്ണി,ശിഹാബ് കോട്ട, മംഗലം സൻഫാരി, തറയിട്ടാൽ ഹസൻ സഖാഫി, മജ്മ കുഞ്ഞുട്ടി ഹാജി, സിദ്ദീഖ് ചാമുണ്ടി തുടങ്ങിയവർ സംബന്ധിച്ചു.