കരുവാരകുണ്ട്: അംഗനവാടികുട്ടികളുമായി വിനോദയാത്ര പോയ ബസ് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്. കരുവാരകുണ്ട് വട്ടമലയിൽ ഞായറാഴ്ച രാത്രി പതിനൊന്നോടെയാണ് അപകടം. എടക്കര കരുനെച്ചി അംഗനവാടിയിലെ കുട്ടികൾ സഞ്ചരിച്ച ബസാണ് അപകടത്തിൽ പെട്ടത്.
എടത്തനാട്ടുകര വഴി കരുവാരകുണ്ടിലേക്ക് മലയിലൂടെയുള്ള റോഡാണ് വട്ടമല റോഡ്. കുത്തനെ കയറ്റിറക്കങ്ങളുള്ള റോഡിൽ കരിങ്കന്തോണിക്ക് സമീപത്തെ ഇറക്കത്തിലാണ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞത്. താഴ്ചയിലെ റബർ തോട്ടത്തിലേക്ക് ബസ് മറിയുകയായിരുന്നു. മരങ്ങളിൽ തടഞ്ഞ് നിന്നതിനാൽ വൻ അപകടം ഒഴിവായി. 25 ഓളം രക്ഷിതാക്കളും 18 ഓളം കുട്ടികളുമാണ് ബസിലുണ്ടായിരുന്നത്.
പുൽവെട്ട വാർഡ് അംഗം ഇറശ്ശേരി കുഞ്ഞാണിയുടെ നേതൃത്തിൽ നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തി. കരുവാരകുണ്ട് പൊലീസും സ്ഥലത്തെത്തി. ആംബുലൻസുകളിലും മറ്റ് വാഹനങ്ങളിലുമായി പരിക്കേറ്റവരെ ആശുപത്രികളിലെത്തിച്ചു. സ്ഥിരം അപകട മേഖലയായ ഈ ഭാഗത്ത് ക്രാഷ് ബാരിയർ സ്ഥാപിക്കാൻ എം.എൽ.എ ഫണ്ട് അനുവദിച്ചിട്ടുണ്ടെങ്കിലും പ്രവൃത്തി നീളുകയാണ്.