മലപ്പുറം: പരാതികൾ കേൾക്കുന്നതിനു മതിയായ സമയമില്ലെന്ന യുഡിഎഫിന്റെ പരാതി നിലനിൽക്കെ, ജില്ലയിലെ തദ്ദേശ സ്ഥാപന വാർഡ് വിഭജനവുമായി ബന്ധപ്പെട്ട പരാതികളിലെ ഹിയറിങ്ങിന് ഇന്നു തുടക്കം. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പരാതികൾ ഉയർന്നതു മലപ്പുറം ജില്ലയിലാണ്.
2840 പരാതികൾ കേട്ടു തീരുമാനമെടുക്കുന്നതിനു 2 ദിവസമാണു അനുവദിച്ചിരിക്കുന്നത്. ഇതുപ്രകാരം ഒരു പരാതി കേൾക്കുന്നതിന് ഏതാനും മിനിറ്റുകൾ മാത്രമാണു ലഭിക്കുകയെന്നാണു യുഡിഎഫിന്റെ പരാതി.
ഹിയറിങ്ങുമായി സഹകരിക്കുമെന്നും ഉദ്യോഗസ്ഥരുടെ സമീപനം നോക്കി തുടർനടപടികൾ തീരുമാനിക്കുമെന്നും യുഡിഎഫ് നേതാക്കൾ പറഞ്ഞു.
ഹിയറിങ്ങിൽ ഉയരുന്ന പരാതികൾകൂടി പരിഗണിച്ച ശേഷമാണ് അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കുക. പരാതികൾ പരിഗണിച്ചോയെന്നു അറിയണമെങ്കിൽ അന്തിമ വിജ്ഞാപനം വരണം. നിയമനടപടി ഉൾപ്പെടെ അതിനു ശേഷമാണു തീരുമാനമാകുക. ഭരണകക്ഷിക്ക് അനുകൂലമായി അതിർത്തികൾ നിർണയിച്ചു, ചില വാർഡുകൾ അനുകൂലമാക്കുന്നതിനായി വാർഡുകളുടെ അതിർത്തി മറികടന്നു വോട്ടർമാരെ ചേർത്തു തുടങ്ങിയ പരാതികളാണ് അധികവും ഉയർന്നത്.
അനുകൂല തീരുമാനമുണ്ടായില്ലെങ്കിൽ കോടതിയെ സമീപിക്കാനാണു യുഡിഎഫിന്റെ തീരുമാനം. ഇന്നു രാവിലെ 9 മുതൽ കൊണ്ടോട്ടി, കുറ്റിപ്പുറം, മങ്കട ബ്ലോക്കുകളിലെ പഞ്ചായത്തുകളിലെയും കൊണ്ടോട്ടി നഗരസഭയിലെയും പരാതികൾ കേൾക്കും. തിരൂർ ബോക്കിലെ തിരുനാവായ, കാളികാവ് ബ്ലോക്കിലെ കരുളായി പഞ്ചായത്തുകളിലെയും പരാതികൾ ഈ സമയത്തു പരിഗണിക്കും.
11ന് അരീക്കോട്, കാളികാവ് ബ്ലോക്കുകളിലെ പഞ്ചായത്തുകളിലെയും ഉച്ചയ്ക്കുശേഷം 2 ന് നിലമ്പൂർ, പെരുമ്പടപ്പ്, പൊന്നാനി, ബ്ലോക്കുകളിലുള്ള പഞ്ചായത്തുകളിലെയും നിലമ്പൂർ, മഞ്ചേരി, കോട്ടയ്ക്കൽ, വളാഞ്ചേരി, പൊന്നാനി നഗരസഭകളിലെയും പരാതികൾ കേൾക്കും.
നാളെ രാവിലെ 9ന് മലപ്പുറം, താനൂർ ബ്ലോക്കുകളിലെ പഞ്ചായത്തുകൾ, മലപ്പുറം, താനൂർ നഗരസഭകൾ, രാവിലെ 11ന് പെരിന്തൽമണ്ണ, തിരൂർ ബ്ലോക്കുകളിലെ പഞ്ചായത്തുകൾ, പെരിന്തൽമണ്ണ, തിരൂർ നഗരസഭകൾ, ഉച്ചയ്ക്കുശേഷം 2ന് തിരൂരങ്ങാടി, വേങ്ങര, വണ്ടൂർ ബ്ലോക്കുകളിലെ പഞ്ചായത്തുകൾ, തിരൂരങ്ങാടി, പരപ്പനങ്ങാടി നഗരസഭകൾ എന്നിവിടങ്ങളിലെ പരാതികളിൽ ഹിയറിങ് നടക്കും.