കേരളത്തിലെ ആദ്യ സ്വകാര്യ വിമാനക്കമ്പനി എയർ കേരളയുടെ കോർപറേറ്റ് ഓഫീസ് ആലുവയിൽ തുറന്നു. ആഭ്യന്തര വിമാന സർവീസ് ജൂണിൽ ആരംഭിക്കുക എന്ന ലക്ഷ്യത്തോടെയാണ് കമ്പനിയുടെ പ്രവർത്തനങ്ങൾ മുന്നോട്ടുപോകുന്നത്. വ്യവസായ മന്ത്രി പി രാജീവാണ് എയർ കേരള ഓഫീസ് ഉദ്‌ഘാടനം ചെയ്‌തത്. എയർ കേരളയ്‌ക്ക് സംസ്ഥാനസർക്കാരിൻ്റെ പൂർണ പിന്തുണ ഉണ്ടാകുമെന്ന് മന്ത്രി പറഞ്ഞു
മൂന്ന് നിലകളിലായി ആലുവയിൽ ഒരുക്കിയിട്ടുള്ള ഓഫീസിൽ ഒരേസമയം ഇരുനൂറിലധികം പേർക്ക് പ്രവർത്തിക്കാൻ സാധിക്കും. കേരളത്തിൽ നിന്ന് തന്നെ ഒരു വ്യോമയാന കമ്പനി കടന്നുവരുന്നത് നമ്മുടെ നാടിൻ്റെ വികസന സ്വപ്നങ്ങൾക്ക് പുതിയ ചിറകുകൾ നൽകുകയാണെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. കമ്പനി പുതിയ തൊഴിലവസരങ്ങൾ ഒരുക്കുന്നതിനൊപ്പം കേരളത്തിലേക്ക് കൂടുതൽ വിമാനങ്ങളും മലയാളികൾക്ക് പുതിയ ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള യാത്രകളും സാധ്യമാകാൻ പോകുകയാണെന്നും മന്ത്രി പറഞ്ഞു
എയർ കേരളയുടെ ആഭ്യന്തര വിമാന സർവീസ് ജൂണിൽ നെടുമ്പാശേരിയിൽനിന്ന് തുടങ്ങും. രാജ്യത്തെ വിവിധ നഗരങ്ങളെ ബന്ധിപ്പിച്ചാണ് ആഭ്യന്തര വിമാന സർവീസ് തുടങ്ങുന്നത്. 72 സീറ്റർ ഇക്കോണമി ക്ലാസ് എടിആർ വിമാനങ്ങളായിരിക്കും ഈ സർവീസിന് ഉപയോഗിക്കുക. പിന്നീട് അനുമതി ലഭ്യമാകുന്നതനുസരിച്ച് വിദേശസർവീസുകളും ആരംഭിക്കും
മലയാളികൾക്ക് കുറഞ്ഞ നിരക്കിലുള്ള വിമാന സർവീസ് നൽകുകയാണ് എയർ കേരള ലക്ഷ്യമിടുന്നത്. വാടകയ്ക്ക് എടുത്ത വിമാനങ്ങളുമായാണ് തുടക്കത്തിലെ സർവീസ്. തുടക്കത്തിൽ അഞ്ച് വിമാനങ്ങൾ പാട്ടത്തിന് വാങ്ങാൻ എയർലൈൻ ഐറിഷ് കമ്പനിയുമായി എയർ കേരള കരാറിൽ ഏർപ്പെട്ടിട്ടുണ്ട്. പിന്നീട് സ്വന്തമായി വിമാനം വാങ്ങാനും പദ്ധതിയുണ്ട്.