തിരൂരങ്ങാടി : ചെമ്പൻ സുഹ്റയുടെയും അരിമ്പ്ര മുസ്തഫയുടെയും വീട്ടിലുള്ളവരുടെ മുഖത്തിപ്പോഴും ആശങ്കയുടെ നിഴലുകളാണ്. മഴയൊന്നു ശക്തമായി പെയ്താൽ ആശങ്ക വർധിക്കും. കടലുണ്ടിപ്പുഴയോരത്തുള്ള ഇവരുടെ വീടുകൾ ഏതുസമയത്തും പുഴയെടുക്കുമെന്ന സ്ഥിതിയിലാണ്.
പട്ടാളത്തിൽ ഇസ്‌മായിൽ, കരിവേപ്പിൽ ജമാൽ, പെരുവൻകുഴിയിൽ ഹംസ തുടങ്ങിയവരുടെ വീടിനും ഈ അവസ്ഥയാണുള്ളത്. കഴിഞ്ഞ വർഷകാലത്ത് കൂടുതൽ കരയിലേക്കുകയറി പുഴയോരം ഇടിഞ്ഞതോടെയാണ് ഇവരുടെ വീടുകൾ വലിയ ഭീഷണിയിലായത്.
കടലുണ്ടിപ്പുഴ വേനലിൽ ഒഴുക്കുനിലച്ച ശാന്തമായുള്ള അവസ്ഥയിലാണിപ്പോൾ. മഴ ശക്തമാകുന്നതോടെ പുഴ നിറഞ്ഞൊഴുകും. വേങ്ങരയിലെ വാർത്തകളും വിശേഷങ്ങളും വാട്സാപ്പിൽ ലഭിക്കാൻ വേങ്ങര ലൈവ് വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവുക. പുഴയോരം ഇനിയുമിടിഞ്ഞാൽ ഈ വീടുകൾ കടലുണ്ടിപ്പുഴയെടുക്കും. മൂന്നുഭാഗവും കടലുണ്ടിപ്പുഴ ചുറ്റിവരിയുന്ന വെള്ളിനക്കാട്ട് സുരക്ഷാഭിത്തിയില്ലാത്തതിനാൽ പുഴയോരത്തുള്ള നിരവധി വീടുകൾക്ക് സുരക്ഷാഭീഷണി നിലനിൽക്കുന്നുണ്ട്.
സുരക്ഷാഭിത്തി കെട്ടുന്നതിന് നടപടികളെടുക്കണമെന്ന പ്രദേശവാസികളുടെ വർഷങ്ങളായുള്ള ആവശ്യം അവഗണിക്കപ്പെട്ടുനിൽക്കുന്നു. നടപടികൾ ഇല്ലാതായതോടെ വരാനിരിക്കുന്ന വർഷകാലവും ഈ കുടുംബങ്ങൾക്ക് ഭയപ്പാടിന്റെ കാലമാണ്.
തിരൂരങ്ങാടി നഗരസഭയിലെ പത്താം ഡിവിഷനുൾപ്പെടുന്ന ഭാഗമാണിത്. മൂന്നുസെന്റ് ഭൂമി വിലകൊടുത്തുവാങ്ങി ലക്ഷങ്ങൾ ചെലവിട്ട് നിർമിച്ച കിടപ്പിടങ്ങൾ നഷ്ടപ്പെടുമെന്നും അപകടമുണ്ടാകുമെന്നുമുള്ള ഭീഷണിയിലാണ് ഈ കുടുംബങ്ങൾ വീടുകളിൽ കഴിയുന്നത്.
കഴിഞ്ഞ വർഷകാലത്ത് അപകടഭീഷണിയുണ്ടായതോടെ സബ് കളക്ടർ അടക്കമുള്ള റവന്യൂ, ഇറിഗേഷൻ അധികൃതരും എംഎൽഎ അടക്കമുള്ള ജനപ്രതിനിധികളും സ്ഥലം സന്ദർശിച്ച് പരിഹാരങ്ങൾ ഉറപ്പുനൽകിയതാണ്. മഴക്കാലം കഴിഞ്ഞതോടെ ഇവിടത്തുകാർക്ക് കിട്ടിയ വാഗ്‌ദാനങ്ങളെല്ലാം പ്രഖ്യാപനങ്ങൾ മാത്രമായി ഒതുങ്ങി.
മഴക്കാലത്തിനുമുൻപ് പുഴയോരത്തുള്ള വീടുകൾക്ക് സംരക്ഷണം നൽകുന്നതിന് നടപടികൾ വേഗത്തിലാക്കണമെന്നാണ് നാട്ടുകാർക്കു പറയാനുള്ളത്.
കഴിഞ്ഞവർഷം തിരൂരങ്ങാടിയിലെ സന്നദ്ധപ്രവർത്തകരെല്ലാം ചേർന്ന് ജനകീയമായി ചാക്കുകളിൽ മണ്ണുനിറച്ച് താത്കാലിക സുരക്ഷയൊരുക്കിയിരുന്നെങ്കിലും അടുത്തദിവസംതന്നെ ഇതു തകർന്ന് പുഴയിലേക്കു പതിച്ചിരുന്നു.