വേങ്ങര: മിനി ഊട്ടി കേന്ദ്രീകരിച്ചു ലഹരി ഉപഭോഗവും വിൽപ്പനയും കൊഴുക്കുന്നു. വിവിധ പ്രദേശങ്ങളിൽ നിന്നായി വിദ്യാർഥികൾ ഉൾപ്പെടെ കൗമാരക്കാർ ചെരുപ്പടി മല കയറുന്നത് പ്രകൃതി ദൃശ്യങ്ങൾ കാണാൻ മാത്രമല്ല, ലഹരിയുടെ മായക്കാഴ്ചകൾ ആസ്വദിക്കാൻ കൂടിയാണെന്ന് നാട്ടുകാർ പറയുന്നു. വേങ്ങരയിലെ വാർത്തകളും വിശേഷങ്ങളും വാട്സാപ്പിൽ ലഭിക്കാൻ വേങ്ങര ലൈവ് വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവുക. രാത്രി പത്തു മണിക്ക് ശേഷവും ഹെൽമറ്റ് പോലും ധരിക്കാതെ കൗമാര പ്രായക്കാർ പെൺ സുഹൃത്തുക്കളെയും ബൈക്കിന് പിറകിലിരുത്തി ചെരുപ്പടി വഴി മിനി ഊട്ടിയിലേക്ക് മിന്നിക്കുന്നത് പതിവ് കാഴ്ചയാണ്.
രാത്രി അസമയത്ത് എങ്ങോട്ട് പോകുന്നു എന്ന് ചോദിക്കാൻ പോലും നാട്ടുകാർ ഭയപ്പെടുന്നു. കാരണം, സംഘം ചേർന്നെത്തുന്ന കുട്ടികൾ എന്തിനും തയ്യാറായാണ് മലമുകളിലേക്ക് യാത്ര ചെയ്യുന്നതെന്ന് ജനം പറയുന്നു. മിനി ഊട്ടിയിൽ എത്തുന്നവർക്ക് എം. ഡി. എം. എ ഉൾപ്പെടെയുള്ള ലഹരി വസ്തുക്കൾ വിതരണം ചെയ്യുന്ന സംഘങ്ങൾ ഇവിടങ്ങളിൽ സജീവമാണ്.
തോട്ടശേരിയറ, വാളക്കുട ഭാഗങ്ങളിൽ മയക്കു മരുന്ന് വിതരണ റാക്കറ്റുകൾ പ്രവർത്തിക്കുന്നതായി വിവരമുണ്ട്. ഇക്കഴിഞ്ഞ ദിവസമാണ് തോട്ടശേരിയറയിൽ യുവാവിന്റെ കയ്യിൽ നിന്ന് നാട്ടുകാർ പിടിച്ചെടുത്ത ഒന്നേമുക്കാൽ കിലോ കഞ്ചാവ് വേങ്ങര പൊലീസിന് കൈമാറിയത്. വാളക്കുട കേന്ദ്രീകരിച്ചും രാസ ലഹരിയുടെ വിതരണക്കാരുണ്ടെന്നു പൊതുജനം പറയുന്നു.
അസമയത്ത് മിനി ഊട്ടിയിലും ചെരുപ്പടി മലയിലേക്കുള്ള റോഡരികിൽ ആളൊഴിഞ്ഞ ഇടങ്ങളിലുമൊക്കെ ക്യാമ്പ് ചെയ്യുന്ന കൗമാരക്കാരെ വിളിച്ചു കാര്യങ്ങൾ ചോദിക്കാൻ പോലും നാട്ടുകാർക്ക് ഭയമാണെന്ന് ആളുകൾ പറയുന്നു. കാരണം ലഹരിയുടെ ഉന്മത്താവസ്ഥയിൽ എന്തും ചെയ്യാനൊരുങ്ങിയാണ് കുട്ടികളുടെ നിൽപ്പ്. തങ്ങളുടെ ലഹരി ഉപഭോഗവും അനാശാസ്യവും നാട്ടുകാരും വീട്ടുകാരും അറിയുമോ എന്ന ഭയത്താൽ ചോദ്യം ചെയ്യുന്നവരെ ഇവർ ഉപദ്രവിക്കുമെന്നാണ് നാട്ടുകാർ പറയുന്നത്. അതിനിടക്കാണ് അശ്രദ്ധമായ ഡ്രൈവിംഗ് കാരണം അശാസ്ത്രീയമായ റോഡിൽ ഉണ്ടാവുന്ന കണക്കറ്റ അപകടങ്ങളും.
അപകടങ്ങൾക്ക് അറുതി വരുത്താനും ലഹരി ഉപഭോഗവും അനാശാസ്യ പ്രവർത്തനങ്ങളും അമർച്ച ചെയ്യാൻ പൊലീസിന്റെ നിതാന്ത ജാഗ്രത വേണമെന്ന് ചെറേക്കാട് കേന്ദ്രമായി പ്രവർത്തിക്കുന്ന നവദർശന ക്ലബ്ബ് പ്രവർത്തകരും ആവശ്യപ്പെടുന്നു. കഴിഞ്ഞ ദിവസമാണ് ചെറേക്കാട് ലഹരി മുക്ത ഗ്രാമമായി ക്ലബ്ബ് പ്രവർത്തകർ പ്രഖ്യാപിച്ചത്.