യുപിഐ ഇടപാട്‌ തടസ്സം ഒഴിവാക്കാൻ വഴിതേടി എൻപിസിഐ

യുപിഐ ഇടപാടുകൾ അടിക്കടി തടസ്സപ്പെടുന്ന സാഹചര്യം ഒഴിവാക്കാൻ വഴിതേടി നാഷണൽ പേമെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയും (എൻപിസിഐ) ബാങ്കുകളും. സ്ഥിതി വിലയിരുത്താനും പ്രശ്നം പരിഹരിക്കാനും എൻപിസിഐ ബാങ്കുകളുടെയും പേമെന്റ് സേവന കമ്പനികളുടെയും യോഗം വിളിച്ചു.

മൂന്നാഴ്ചയ്ക്കിടെ നാലുതവണയാണ് രാജ്യത്ത് യുപിഐ ഇടപാടുകളിൽ തടസ്സം നേരിട്ടത്. ഏപ്രിൽ 12-നാണ് അവസാനമായി തടസ്സമുണ്ടായത്. ആപ്ലിക്കേഷൻ പ്രോഗ്രാമിങ് ഇന്റർഫേസിൽ (എപിഐ) ഇടപാടുകളുടെ സ്ഥിതി സംബന്ധിച്ച് ബാങ്കുകൾതമ്മിൽ നടക്കുന്ന ആശയവിനിമയം കൂടിയതാണ് യുപിഐ നെറ്റ് വർക്കിനെ ബാധിച്ചതെന്ന് എൻപിസിഐയുടെ പരിശോധനയിൽ വ്യക്തമായിട്ടുണ്ട്.

ഒരു യുപിഐ ഇടപാടിൽ അഞ്ച് നെറ്റ് വർക്കിങ് ഉപകരണങ്ങൾവഴി ഇടപാടുവിവരങ്ങൾ സഞ്ചരിക്കുന്നുണ്ട്. ഇടപാട്‌ പൂർത്തിയായാൽ ഇതിന്റെ സ്ഥിരീകരണത്തിനായും തിരിച്ച് ഇതേരീതിയിൽ ആശയവിനിമയം നടക്കുന്നു. പണം കൈമാറ്റംചെയ്യപ്പെട്ട് സ്വീകർത്താവിന്റെ അക്കൗണ്ടിൽ ലഭിച്ചാൽ ഇടപാടിന്റെ തത്‌സ്ഥിതി സംബന്ധിച്ച് സന്ദേശമയക്കും. അതിവേഗത്തിലുള്ള ഈ ആശയവിനിമയത്തിൽ സെർവർ ഡൗൺടൈം കൂടിയാൽ വീണ്ടും വീണ്ടും എപിഐ കോൾ ഉണ്ടായിക്കൊണ്ടിരിക്കും. ഇത് നെറ്റ്‌വർക്കിന്റെ സമ്മർദം കൂട്ടുകയും ഇടപാട്‌ തടസ്സപ്പെടാൻ കാരണമാകുകയും ചെയ്യുന്നുവെന്നാണ് കണ്ടെത്തൽ.

ഈപ്രശ്നം എങ്ങനെ പരിഹരിക്കാമെന്നാണ് എൻപിസിഐ ബാങ്കുകളും മറ്റ്‌ പേമെന്റ് സേവന കമ്പനികളുമായി ചർച്ചനടത്തുന്നത്. ഒരിടപാടിലുള്ള ആശയവിനിമയം കുറച്ചാൽ ഇത്‌ പരിഹരിക്കാനാകുമെന്ന ആശയമാണ് മുന്നോട്ടുവന്നത്. എന്നാൽ, ഇപ്പോഴത്തെ സംവിധാനത്തിൽ ഇത്‌ നടപ്പാക്കുക ബുദ്ധിമുട്ടായിരിക്കും.

യുപിഐ ഇടപാടുകളുടെ എണ്ണം ഉയർന്നതും പ്രശ്നത്തിന്‌ കാരണമായിട്ടുണ്ട്. യുപിഐ നെറ്റ്‌വർക്കിന്റെ പ്രകടനം മികച്ചനിലയിൽ നിലനിർത്താനും ഉറപ്പാക്കാനുമായി എപിഐ കോളിന്‌ പരിധികൊണ്ടുവന്നാൽ പ്രശ്നം പരിഹരിക്കാനാകും. ബാങ്കുകൾ സ്വയം നിയന്ത്രണം ഏർപ്പെടുത്തുകയോ എൻസിപിഐ ഇടപെടുകയോ വേണമെന്ന നിർദേശമാണ് ചർച്ചയിൽ ഉരുത്തിരിഞ്ഞിട്ടുള്ളത്. സ്ഥിതി വിലയിരുത്തിയശേഷം വീണ്ടും യോഗം ചേരാനും തീരുമാനിച്ചിട്ടുണ്ട്.

2025 മാർച്ചിൽ 1978 കോടി ഇടപാടുകളിലായി 24.77 ലക്ഷം കോടി രൂപയാണ് യുപിഐവഴി രാജ്യത്ത് കൈമാറ്റംചെയ്യപ്പെട്ടത്. 2024-25 സാമ്പത്തികവർഷം ഇടപാടുതുകയിൽ 30 ശതമാനമാണ് വളർച്ച. ആകെ 260.56 ലക്ഷം കോടി രൂപയുടെ ഇടപാടുകളാണ് നടന്നത്. എണ്ണത്തിൽ വളർച്ച 42 ശതമാനമാണ്. 2023-24-ലെ 9248 കോടിയിൽനിന്ന് 13,114 കോടിയായാണ് എണ്ണം കൂടിയത്.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}