കേരളത്തിൽനിന്നുള്ള വനിതാ തീർഥാടകസംഘത്തെ ജിദ്ദ ഹജ്ജ് ടെർമിനലിൽ സൗദിയിലെ ഇന്ത്യൻ അംബാസഡർ സുഹൈൽ അജാസ്ഖാനും ഭാര്യ രിഫ്അത്ത്ഖാനും ചേർന്ന് സ്വീകരിക്കുന്നു
കൊണ്ടോട്ടി : സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന വെള്ളിയാഴ്ച മൂന്ന് വിമാനത്താവളങ്ങളിൽനിന്നായി 1086 ഹജ്ജ് തീർഥാടകർ യാത്രയാവും. കോഴിക്കോടുനിന്ന് രണ്ടു വിമാനങ്ങളിലായി 344 പേരും കണ്ണൂരിൽനിന്ന് ഒരു വിമാനത്തിൽ 167 പേരും കൊച്ചിയിൽനിന്ന് രണ്ടു വിമാനങ്ങളിലായി 575 പേരുമാണ് പുറപ്പെടുന്നത്.
കോഴിക്കോടുനിന്ന് പുലർച്ചെ 1.10-നും രാവിലെ 8.50-നും കണ്ണൂരിൽനിന്ന് വൈകീട്ട് 4.30-നുമാണ് സർവീസ്. കൊച്ചിയിൽനിന്ന് ആദ്യവിമാനം വെള്ളിയാഴ്ച വൈകീട്ട് 5.55-ന് 146 പുരുഷന്മാരും 143 സ്ത്രീകളുമായി പുറപ്പെടും. സൗദി സമയം രാത്രി 9.20-ന് വിമാനം ജിദ്ദയിലിറങ്ങും. ആദ്യവിമാനത്തിന്റെ ഫ്ലാഗ് ഓഫ് മന്ത്രി വി. അബ്ദുറഹ്‌മാൻ നിർവഹിക്കും.
രാത്രി 8.20-ന് പുറപ്പെടുന്ന രണ്ടാമത്തെ വിമാനത്തിൽ 146 പുരുഷന്മാരും 140 സ്ത്രീകളും യാത്രയാകും. ശനിയാഴ്ച കോഴിക്കോടുനിന്ന് രണ്ടും കണ്ണൂർ, കൊച്ചി എന്നിവിടങ്ങളിൽനിന്ന് ഓരോ സർവീസുകളും വീതമാണുള്ളത്