കൂരിയാട്: നിർമാണത്തിനിടെ ദേശീയപാത ഇടിഞ്ഞുവീണ കൂരിയാട് ഭാഗത്ത് വിദഗ്‌ധ സംഘം പരിശോധന നടത്തി. രാജ്യത്തെ പ്രമുഖ ജിയോടെക്‌നിക് കൺസൽട്ടന്റുകളായ ഡോ. അനിൽ ദീക്ഷിതും ഡോ. ജിമ്മി തോമസുമാണ് ബുധനാഴ്ച വൈകീട്ട് സ്ഥലം സന്ദർശിച്ചത്. വിദഗ്‌ധ സംഘം വരുമെന്ന പ്രതീക്ഷയിൽ രാവിലെ മുതൽ നാട്ടുകാർ കാത്തുനിൽക്കുന്നുണ്ടായിരുന്നു.
ആശങ്കകൾ പങ്കുവെക്കാൻ തടിച്ചുകൂടിയ നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും സാന്നിധ്യത്തിലായിരുന്നു രണ്ടംഗ സംഘത്തിന്റെ പരിശോധന. മൂന്നരയോടെ എത്തിയ സംഘം ആദ്യം ദേശീയപാതയുടെ മുകൾ ഭാഗത്താണ് പരിശോധന നടത്തിയത്. പ്രദേശം നടന്നു കണ്ട സംഘം മണ്ണ് കൈയിലെടുത്തും പരിശോധിച്ചു. അപകടസ്ഥലത്തെ ചിത്രങ്ങൾ ഫോണിൽ പകർത്തുകയും ചെയ്തു. നാട്ടുകാരുടെ അഭിപ്രായങ്ങളും പരാതികളും കുറിച്ചെടുത്തു.
അപകടകാരണം പഠിക്കാൻ ദേശീയപാത അതോറിറ്റി നിയോഗിച്ച സ്വതന്ത്രസംഘത്തിലെ അംഗങ്ങളാണിവർ. മുകളിലൂടെ കടന്നുപോകുന്ന പ്രധാന റോഡ് പരിശോധിച്ച് സംഘം മടങ്ങിയത് പ്രതിഷേധത്തിനിടയാക്കി. തുടർന്ന് 15 മിനിറ്റ് കഴിഞ്ഞ് തിരിച്ചെത്തി. മുകളിലെ റോഡിൽനിന്ന് 45 മിനിറ്റ് സ്ഥലം പരിശോധിച്ചാണ് സംഘം ആദ്യം മടങ്ങിയത്. അതോടെ താഴ്ന്ന ഭാഗം പരിശോധിച്ചാൽ മാത്രമേ അപകടത്തിന്റെ ആഘാതം മനസ്സിലാക്കാൻ കഴിയൂവെന്ന് നാട്ടുകാർ പറഞ്ഞു. തുടർന്ന് കക്കാട് വരെ പോയ സംഘം സർവിസ് റോഡിന്റെ ഭാഗത്തേക്ക് തിരിച്ചെത്തുകയായിരുന്നു. പിന്നീട് തകർന്ന സർവിസ് റോഡും പരിശോധിച്ചു.