മഴ വൈബിൽ വേങ്ങര: ഓർമ്മകളിൽ നിറയുന്ന മാരിയും നന്മയുടെ കുളിരും കരുതലും - വിവേക് പറാട്ട് എഴുതുന്നു..


വേങ്ങര: ഓർമ്മകളിൽ നിറയുന്ന മാരിയും നന്മയുടെ കുളിരും കരുതലും. വേനൽച്ചൂടിന്റെ തീവ്രതയ്ക്ക് വേങ്ങരയെ അധികകാലം തളച്ചിടാനായിട്ടില്ല. അതിനുമുന്നേ നമ്മുടെ നാട് പച്ച പുതച്ചു കഴിഞ്ഞു. പച്ചപ്പിന്റെ കമ്പിളി പുതച്ച് വേങ്ങരയുടെ പ്രദേശങ്ങൾ കൂടുതൽ മനോഹരമാവുകയാണ്.
 മഴ പലപ്പോഴും അങ്ങനെയാണ്... ഓർമ്മകൾ നനഞ്ഞ സ്വപ്നങ്ങളെപ്പോലെ ചിറകൊച്ചയില്ലാതെ പറന്നുപറന്നു താഴേക്ക് പെയ്തിറങ്ങും. 
വേങ്ങര പാടത്തിൻ്റെ മനോഹാര്യതയും, ഏക്കറക്കുളത്തിന്റെ വശ്യഗ്രാമീണതയും, മിനി ഊട്ടിയുടെ ഈറനണിഞ്ഞ ശാന്തതയും, മഴമേഘങ്ങളെ തലോടുന്ന ഊരകം മലയുടെ താഴ്‌വാരങ്ങളും, വലിയോറ പാടവും, കുറ്റൂർ പാടവും, കൂരിയാട് ബാലിക്കാട് വയലോരവുമെല്ലാം പച്ചപ്പണിഞ്ഞ് നിൽക്കുകയാണ്. മഴനൂൽ നനവിന്റെ സ്പർശമേറ്റ് വീണ്ടും കുളിരണിയുന്ന നമ്മുടെ നാട്. 
"മഴയെ പ്രണയിക്കാൻ, കഴിഞ്ഞുപോയ നമ്മുടെ ബാല്യകാലമല്ലാതെ മറ്റെന്ത് വേണം" – 
വേങ്ങരയുടെ മഴക്കാലം: സൗന്ദര്യവും ആഘോഷവും ഒരുപോലെ.
ആകാശച്ചെരുവിലേക്ക് കറുത്ത മഴമേഘങ്ങൾ കൂടുകൂടായി നീങ്ങുമ്പോൾ, പാടശേഖരങ്ങളിലെ കർഷകർക്ക് പ്രതീക്ഷകളേറെയാണ്. വേനലിന്റെ കടുത്ത ആഘാതം ഏൽക്കാതെ മഴയെത്തിയല്ലോ എന്ന സന്തോഷം അവരെ പുഞ്ചിരിപ്പിക്കുന്നുണ്ടാവും. 
നാളെയുടെ സമൃദ്ധമായ വിളവെടുപ്പുകൾക്ക് ജലലഭ്യത അനിവാര്യമാണല്ലോ. കാലാവസ്ഥാ വ്യതിയാനങ്ങളുടെ ഭാഗമായി 2025-ലും മഴയുടെ തോതിലുണ്ടായ മാറ്റങ്ങൾ വേങ്ങരയുടെ കാർഷിക മേഖലയ്ക്കും ജനജീവിതത്തിനും ഒരുപോലെ അനുഗ്രഹമായി മാറിയിരിക്കുന്നു. 
എന്നാൽ, ശക്തമായ മഴയിലും കാറ്റിലും ഉണ്ടാകുന്ന നാശനഷ്ടങ്ങൾ ചില ജീവിതങ്ങളെയും കൃഷിയെയും സാരമായി ബാധിക്കുന്നുമുണ്ട്. 

മഴക്കാലത്ത് വേങ്ങരയുടെ പ്രകൃതിക്ക് പ്രത്യേക സൗന്ദര്യമാണ്. ഊരകം മലയുടെ നെറുകയിൽ മഴമേഘങ്ങൾ തഴുകി നീങ്ങുമ്പോൾ, താഴ്‌വാരങ്ങളിൽ പച്ചപ്പിന്റെ വസന്തം വിരിയുന്നു. മിനി ഊട്ടിയുടെ മഞ്ഞുപൊതിഞ്ഞ പുൽമേടുകളിൽ മഴ പെയ്തിറങ്ങുമ്പോൾ ഒരു പ്രത്യേക തണുപ്പും ഉണർവും നിറയുന്നു. 
ഏക്കറക്കുളത്തിന്റെ ഓളങ്ങൾ മഴയുടെ താളത്തിനൊത്ത് നൃത്തം വയ്ക്കുമ്പോൾ, വലിയോറ പാടവും കുറ്റൂർ പാടവും കൂരിയാട് ബാലിക്കാട് വയലോരവുമെല്ലാം പച്ചപ്പിൽ കുളിച്ചുകിടക്കുന്നു. 
വേങ്ങരയുടെ തനത് ഗ്രാമീണതയ്ക്ക് മഴ കൂടുതൽ മിഴിവേകുന്നു. കുട്ടിക്കാല ഓർമ്മകളിലെ മഴയിൽ കുളിച്ചതും, നാട്ടിലെ തോടുകളിൽ മീൻ പിടിച്ചതും, തവളപ്പാട്ടുകൾ കേട്ട് ഉറങ്ങിയതുമെല്ലാം ഈ മഴക്കാലത്ത് ഓരോ വേങ്ങരക്കാരന്റെ മനസ്സിലേക്കും ഓടിയെത്തും.
"അന്തിക്കു വന്ന മഴ, ഇപ്പളും പെയ്യാണ്" എന്ന പഴമൊഴി പോലെ, ചിലപ്പോൾ പെട്ടന്നുള്ള പേമാരിയും വേങ്ങരയുടെ മഴക്കാലത്തിന് മാറ്റുകൂട്ടുന്നു.

മഴക്കാലത്തെ മനോഹരമാക്കാം: കരുതലിന്റെ ചില വഴികൾ

മഴയുടെ സൗന്ദര്യത്തിനപ്പുറം, വേങ്ങരയിലെ ജനങ്ങൾ മഴക്കാലത്ത് ചില കാര്യങ്ങളിൽ ശ്രദ്ധ പുലർത്തേണ്ടതുണ്ട്. മഴക്കാല രോഗങ്ങളായ ഡെങ്കിപ്പനി, എലിപ്പനി, മഞ്ഞപ്പിത്തം എന്നിവയെക്കുറിച്ച് നമുക്കറിയാം. കൊതുകുകൾ പെരുകുന്നത് ഇത്തരം രോഗങ്ങൾക്ക് കാരണമാകാതിരിക്കാൻ നമുക്ക് പ്രവർത്തിക്കാം. നമ്മുടെ ചുറ്റുപാടും ശുചിത്വമുള്ളതാക്കിയാൽ, ഈ രോഗങ്ങളെ അകറ്റി നിർത്താൻ നമുക്ക് സാധിക്കും.
മഴവെള്ളം കെട്ടിനിൽക്കുന്നത് ചിലപ്പോൾ ചെറിയ അസൗകര്യങ്ങൾ ഉണ്ടാക്കിയേക്കാം. എന്നാൽ, ഇത് മാലിന്യ നിർമാർജന പ്രശ്നങ്ങളെ രൂക്ഷമാക്കാതിരിക്കാൻ നമുക്ക് ശ്രദ്ധിക്കാം. പ്ലാസ്റ്റിക് മാലിന്യങ്ങളും മറ്റ് അഴുക്കുകളും ഡ്രെയിനേജുകളിൽ അടിഞ്ഞുകൂടാതെ സൂക്ഷിക്കാൻ ഓരോരുത്തരും ശ്രദ്ധിച്ചാൽ, വെള്ളക്കെട്ട് പോലുള്ള പ്രശ്നങ്ങൾ ഒഴിവാക്കാം. കൊതുകുകൾ പെരുകാതിരിക്കാൻ വീടിനും ചുറ്റും വെള്ളം കെട്ടിനിൽക്കുന്നത് തടയേണ്ടത് നമ്മുടെയെല്ലാം ഉത്തരവാദിത്തമാണ്.
ഈ വെല്ലുവിളികളെ നേരിടാൻ നമ്മൾ ഓരോ വേങ്ങരക്കാരനും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. വ്യക്തിശുചിത്വം ഏറ്റവും പ്രധാനമാണ്. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കാനും, ഭക്ഷണം കഴിക്കുന്നതിന് മുൻപും ശേഷവും കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകാനും, പഴകിയ ഭക്ഷണം ഒഴിവാക്കാനും നമ്മൾ ശ്രദ്ധിക്കണം. 
പരിസര ശുചിത്വം ഉറപ്പാക്കേണ്ടതും അത്യാവശ്യമാണ്. വീടിനും ചുറ്റും വെള്ളം കെട്ടിനിൽക്കുന്നത് ഒഴിവാക്കാൻ നമുക്ക് ഒന്നിച്ച് പ്രവർത്തിക്കാം. ആഴ്ചയിൽ ഒരു ദിവസം "ഡ്രൈ ഡേ" ആചരിച്ച് വീടിന്റെ പരിസരവും വീടിന്റെ ഉള്ളിലും വെള്ളം കെട്ടിനിൽക്കാൻ സാധ്യതയുള്ള പാത്രങ്ങളും ടയറുകളും മറ്റും വൃത്തിയാക്കണം. ആരോഗ്യവകുപ്പും ബന്ധപ്പെട്ട അധികൃതരും നൽകുന്ന നിർദ്ദേശങ്ങൾ പാലിക്കുന്നത് നമ്മുടെയെല്ലാം സുരക്ഷയ്ക്ക് ഗുണകരമാകും.
വേങ്ങരയിലെ സ്കൂളുകൾ: അറിവിന്റെ ലോകം മഴക്കാലത്തിലും സുരക്ഷിതം
പുതിയ അധ്യയന വർഷം ആരംഭിക്കുമ്പോൾ, വേങ്ങരയിലെ നമ്മുടെ പ്രിയപ്പെട്ട സ്കൂളുകൾ അറിവിന്റെ പുതിയ ലോകം തുറക്കാൻ ഒരുങ്ങുകയാണ്. ജൂൺ ഒന്നിന് സ്കൂളുകൾ തുറക്കുമ്പോൾ മഴ അതിന്റെ എല്ലാ സൗന്ദര്യത്തോടും വാശി യോടും കൂടി നമ്മോടൊപ്പമുണ്ടാകും. വേങ്ങര പ്രദേശത്ത് കീഴിൽ 20 നു മുകളിൽ പ്രൈമറി, അപ്പർ പ്രൈമറി, ഹൈസ്കൂളുകളിലായി ആയിരക്കണക്കിന് വിദ്യാർത്ഥികളാണ് പഠിക്കുന്നത്.
വീടുകളിൽ നിന്ന് ആദ്യ സ്കൂൾ ദിനം ആസ്വദിക്കാനെത്തുന്ന കൊച്ചു കുരുന്നുകൾ മുതൽ, പെരുമഴയത്ത് മടിയൻ മനസ്സോടെ മൂടിപ്പുതച്ച് ഉറങ്ങാൻ കഴിയാതെ എഴുന്നേറ്റ് സ്കൂളിലേക്ക് പോകുന്ന പ്ലസ് ടു വിദ്യാർത്ഥികൾ വരെ, പത്താം ക്ലാസിലേക്ക് വിജയപ്രതീക്ഷയുടെ കുടമുറുകെപ്പിടിച്ച് നീങ്ങുന്ന കുട്ടികൾ വരെ – നമ്മുടെയെല്ലാം ശ്രദ്ധയും കരുതലും ഈ മഴക്കാലത്ത് അവർക്ക് താങ്ങും തണലുമാകും. 
നമ്മുടെ കുട്ടികളുടെ സുരക്ഷയും ആരോഗ്യവും ഉറപ്പാക്കാൻ സ്കൂളുകളും സമൂഹവും ചേർന്ന് നടത്തുന്ന മുന്നൊരുക്കങ്ങൾ അഭിനന്ദനാർഹമാണ്. മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങളിൽ സ്കൂൾ പരിസരവും കെട്ടിടങ്ങളും വൃത്തിയാക്കുകയും, വെള്ളം കെട്ടിനിൽക്കാൻ സാധ്യതയുള്ള ഇടങ്ങൾ ശുചീകരിക്കുകയും ചെയ്തിട്ടുള്ളതായ വിവരം ആശ്വാസമേകുന്നതാണ്. 
കുടിവെള്ള സ്രോതസ്സുകൾ ശുദ്ധീകരിക്കുകയും മാലിന്യ നിർമാർജനം കാര്യക്ഷമമാക്കുകയും ചെയ്തത് രോഗങ്ങൾ പടരുന്നത് തടയാൻ സഹായിക്കും. സ്കൂൾ കെട്ടിടങ്ങളുടെ ജനലുകളും മേൽക്കൂരകളും അറ്റകുറ്റപ്പണികൾ നടത്തി മഴവെള്ളം അകത്ത് കയറുന്നത് തടയാനും നമ്മൾ ശ്രദ്ധിച്ചിട്ടുണ്ട്.
വേങ്ങരയുടെ മഴക്കാലം: ഒരു വേറിട്ട അനുഭവം
വേങ്ങരയുടെ മഴക്കാലം നമുക്ക് ആസ്വദിക്കാനുള്ളതാണ്. ശക്തമായ കാറ്റും പേമാരിയും ആസ്വദിക്കാൻ നമുക്കെല്ലാവർക്കും എല്ലാ കാലത്തും സാധിക്കേണ്ടതുണ്ട്. അതുകൊണ്ട്, 
ആക്രമണ സ്വഭാവമുള്ള കാറ്റിന്റെ വേഗതയ്ക്ക് ശമനം വരുന്ന സമയങ്ങളിൽ നമുക്ക് മിനി ഊട്ടിയിലെ മഞ്ഞുകൂടാരങ്ങളിലൂടെ നടന്നുനീങ്ങാം... 
ഊരകം മലയുടെ മുകളിൽ കയറി ആകാശത്തെ ചുംബിക്കാം... ഏക്കറക്കുളത്തിലെ ആഴങ്ങളിലേക്ക് ഊളിയിടാം... വേങ്ങരപ്പാടത്തിന്റെ നടുവിലെ കണ്ടത്തിലെ ഫുട്ബോൾ പോസ്റ്റിലേക്ക് ബൈസിക്കിൾ കട്ടിൽ ഗോളടിച്ച് ചെളിവെള്ളത്തിലേക്ക് ചാടിവീഴാം... നമുക്ക് വേങ്ങരയുടെ ഗ്രാമീണതയിലൂടെ മഴയിലേക്ക് നീന്തിയിറങ്ങാം... ജാഗ്രതയോടെ, കരുതലോടെ.

വിവേക് പറാട്ട് -
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}