മലപ്പുറം : ചേറൂർ ഡാസ് ക്ലബ്ബും തിരൂരങ്ങാടി സ്പോർട്‌സ് അക്കാദമി (ടിഎസ്എ) യും ചേർന്ന് നടത്തുന്ന കേരള ഫുട്‌ബോൾ അസോസിയേഷൻ അംഗീകൃത സെവൻസ് ഫുട്‌ബോൾ ചാമ്പ്യൻഷിപ്പ് വ്യാഴാഴ്ച തിരൂരങ്ങാടി ഫ്ലഡ് ലൈറ്റ് മിനി സ്റ്റേഡിയത്തിൽ തുടങ്ങും. കേരള പ്രീമിയർ ലീഗിലെ പ്രൊഫഷണൽ ടീമുകളടക്കം പങ്കെടുക്കും. 16 ടീമുകളുടെ നോക്കൗട്ട് മത്സരമാണ് നടക്കുന്നത്.
അംഗീകൃത ഫുട്‌ബോളിന്റെ നിയമാവലി പ്രകാരമാണു മത്സരം. കേരള പ്രീമിയർ ലീഗിലെ മുൻനിര ടീമുകളായ കേരള പോലീസ്, കെഎസ്ഇബി, കോവളം എഫ്‌സി, വയനാട് എഫ്‌സി, ഗോൾഡൻ ത്രെഡ് കൊച്ചി, റിയൽ മലബാർ എഫ്‌സി, മൊഗ്രാൽ എഫ്‌സി കാസർകോട്, സെയ്ന്റ് ജോസഫ് ദേവഗിരി കോഴിക്കോട് എന്നിവരും ഏജീസ് തിരുവനന്തപുരം, ജിംഖാന തൃശ്ശൂർ, കേരളവർമ്മ തൃശ്ശൂർ എഫ്‌സി ടീമുകളും മലപ്പുറം എലൈറ്റ് ടീമുകളായ സോക്കർ മലപ്പുറം, ബാസ്‌കോ, സ്പോർട്ടിങ് മലപ്പുറം, എഫ്‌സി അരീക്കോട് ടീമുകളും പങ്കെടുക്കും.
ജില്ലാ ഫുട്‌ബോൾ അസോസിയേഷന്റെ മേൽനോട്ടത്തിൽ കെഎഫ്എയുടെ അംഗീകൃത റഫറിമാരാണ് മത്സരം നിയന്ത്രിക്കുക. 5000 പേർക്കുള്ള ഗാലറി സജ്ജമാണ്. വാർത്താസമ്മേളനത്തിൽ കെഎഫ്എ വൈസ് പ്രസിഡന്റ് മുഹമ്മദ് സലീം, ഡോ. പി.എം. സുധീർകുമാർ, മയൂര ജലീൽ, കെ. നഹീം, ഡോ. മുഹമ്മദലി മൂന്നിയൂർ എന്നിവർ പങ്കെടുത്തു.