ആഘോഷപ്പൊലിമയോടെ കൊണ്ടോട്ടി നേർച്ചയ്ക്ക് സമാപനം

കൊണ്ടോട്ടി : ആചാരപ്പെരുമയോടെയും ആഘോഷ പൊലിമയോടെയും കൊണ്ടോട്ടി നേർച്ചയ്ക്ക് പ്രൗഢസമാപനം. കഴിഞ്ഞ ഞായറാഴ്ച തോക്കെടുക്കൽ ചടങ്ങോടെ ആരംഭിച്ച നേർച്ചയ്ക്ക് ചന്ദനമെടുക്കലോടെ ശുഭസമാപനമായി. നേർച്ചയിലെ ഏറ്റവും പകിട്ടേറിയ തട്ടാന്റെ പെട്ടിവരവ് കാണാൻ പതിനായിരങ്ങളാണ് നഗരത്തിലേക്ക് ഒഴുകിയത്. ബാൻഡ് വാദ്യവും ശിങ്കാരിമേളവും കുത്തുറാത്തിബും വർണക്കൊടികളുമെല്ലാമായി തട്ടാന്റെ പെട്ടിവരവുപെരുമ നില നിർത്തി.

ചുങ്കത്ത് നിന്നാരംഭിച്ച പെട്ടിവരവിനെ തങ്ങളുടെ പ്രതിനിധി പോലീസ് സ്റ്റേഷന് സമീപം ആചാരപൂർവം കുതിരപ്പുറത്തേറിച്ചെന്ന് സ്വീകരിച്ചു. തുടർന്ന് തങ്ങൾസ് റോഡിലൂടെ കുബ്ബയിലേക്ക് നീങ്ങി.

തട്ടാന്റെ പെട്ടിവരവ് സമാപിച്ചതിനുശേഷം ചന്ദനമെടുക്കൽച്ചടങ്ങ് നടന്നു. വലിയ മാളിയേക്കലിൽനിന്ന് സ്ഥാനീയൻ കെ.ടി. റഹ്‌മാൻ തങ്ങൾ ചന്ദനവും നിയുക്ത സ്ഥാനീയൻ കെ.ടി. കുഞ്ഞിമോൻ തങ്ങൾ പട്ടും തലയിലേറ്റി കൊടിമരച്ചുവട്ടിലെത്തി. പട്ടും ചന്ദനവും തറയിൽെവച്ച് പനിനീർ തളിച്ച് വലംെവച്ചശേഷം കുബ്ബയിലേക്ക് പുറപ്പെട്ടു.

കുബ്ബയിലെ മഖാമിൽ ചന്ദനംപൂശിയതിനുശേഷം സിൽസില പാരായണവും ലോകസമാധനത്തിനുള്ള പ്രാർഥനയും നടന്നു. ഇതോടെ നേർച്ചയ്ക്ക് സമാപനമായി മൂന്ന് കതിനവെടി പൊട്ടി. നേർച്ചയുടെ പ്രസാദമായി കുബ്ബയിലും തക്കിയയിലും മരീദയും വിതരണംചെയ്തു. ചക്കരച്ചോർ വിതരണവും ഉണ്ടായിരുന്നു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}