ആറുവരിപാത ആവശ്യമെങ്കിൽ പൊളിച്ചുപണിയും; വിദഗ്ധസംഘം പരിശോധിച്ചശേഷം തീരുമാനമെന്ന് അധികൃതർ

തിരൂരങ്ങാടി: കൂരിയാട്ട് പുതിയ ആറുവരിപ്പാത വിള്ളൽവീണ് ഇടിഞ്ഞുവീണ സംഭവത്തിൽ എൻജിനീയർമാരടങ്ങിയ വിദഗ്ധസംഘത്തിന്റെ റിപ്പോർട്ട് കിട്ടിയ ശേഷമാകും തുടർനടപടിയെന്ന് ദേശീയപാതാ അതോറിറ്റി.

റോഡ് ഇടിഞ്ഞത് എത്ര ആഴത്തിലും ദൂരത്തിലും ബാധിക്കുമെന്ന് വിദഗ്ധപരിശോധനയിലൂടെ മാത്രമേ വ്യക്തമാവൂവെന്ന് ദേശീയപാതാവിഭാഗം ലെയ്‌സൺ ഓഫീസർ പി.പി.എം. അഷ്‌റഫ് പറഞ്ഞു. പരിശോധന ഉടനെയുണ്ടാകും. അതനുസരിച്ച് ആവശ്യമെങ്കിൽ റോഡ് പൊളിച്ചുപണിയുന്നതടക്കമുള്ള നടപടികൾ ഉണ്ടാകും.

അയങ്കലത്തിനും പൊന്നാനിക്കുമിടയിലെ പന്തേപ്പാലത്ത് മുൻപ് റോഡ് തകർന്നപ്പോൾ അടിത്തറയുൾപ്പെടെ പൊളിച്ച് പുതുക്കിപ്പണിഞ്ഞിരുന്നു. പന്താപ്പാലത്ത് റോഡ് ഇടിഞ്ഞ് സർവീസ് റോഡിനുമുകളിലിട്ട സ്ലാബുകൾ പൊളിഞ്ഞുപോവുകയായിരുന്നു. ആവശ്യമെങ്കിൽ ഇവിടെയും അതുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

അന്തിമഘട്ടത്തിൽ ആശങ്ക

ആറുവരിപ്പാതയുടെ മലപ്പുറത്തെ രണ്ടു റീച്ചുകളും 99 ശതമാനം പണിയും പൂർത്തിയായി മുഴുവനായി തുറക്കാനിരിക്കെയാണ് കൂരിയാട്ടെ തകർച്ച ആശങ്കയുണ്ടാക്കുന്നത്. മണ്ണുപരിശോധനയുൾപ്പെടെയുള്ള പരിശോധനകളുടെ കൃത്യതയില്ലായ്മയാണോ നിർമാണത്തിലെ പാകപ്പിഴവാണോ പ്രശ്‌നമെന്ന് വിദഗ്ധസംഘത്തിന്റെ പരിശോധനയിലൂടെ മാത്രമേ മനസ്സിലാവൂ. കൂരിയാട്ട് വയലുള്ള ഭാഗത്താണ് വിള്ളലുണ്ടായത്. കഴിഞ്ഞ നവംബറിൽ പന്തേപ്പാലത്തും വയലുള്ള ഭാഗത്താണ് വിണ്ടുകീറി റോഡുതകർന്നത്. പാതയുടെ അടിത്തറ കൂടുതൽ ശക്തമാക്കേണ്ടതിന്റെ ആവശ്യകത തന്നെയാണ് ഇതു സൂചിപ്പിക്കുന്നത്.

പന്തേപ്പാലത്ത് സർവീസ് റോഡ് താഴ്ന്നപ്പോൾ പ്രധാനറോഡ് നിലംപൊത്തുകയായിരുന്നു. ഇവിടെ നൂറുമീറ്ററോളം ദൂരംപൊളിച്ച് അടിത്തറ കൂടുതൽ ശക്തമാക്കി പുതുക്കിപ്പണിയുകയായിരുന്നു. ഇതിന് അഞ്ചുമാസത്തോളം സമയമെടുത്തു. കൂരിയാടും റോഡ് പൊളിച്ചുപണിയേണ്ടിവന്നാൽ ആറുവരിപ്പാത മുഴുവനായി തുറക്കൽ വൈകിയേക്കും.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}