വേങ്ങര : ദേശീയപാത 66 ൽ റോഡ് തകർന്ന കൂരിയാട് ഭാഗത്ത് ഗതാഗതം പുനസ്ഥാപിക്കുന്നതിൻ്റെ ഭാഗമായി 6 വരി പാതയിലെ മണ്ണ് നീക്കം ചെയ്തു തുടങ്ങി. റോഡിൻ്റെ പടിഞ്ഞാറ് ഭാഗത്തുള്ള സർവീസ് റോഡ് വഴി ഗതാഗതം പുനരാരംഭിക്കാനാണ് നീക്കം. ഇതിനായി 6 വരി പാതയിൽ സർവീസ് റോഡിന് നേർ മുകളിലുള്ള ഭാഗത്തെ കോൺക്രീറ്റ് ക്രാഷ് ഗാർഡുകൾ പൂർണ്ണമായി പൊളിച്ച് മാറ്റി മണ്ണെടുത്ത് നിരപ്പാക്കുന്ന ജോലികളാണ് തുടങ്ങിയത്. 6 വരി പാതയിൽ നിന്ന് കല്ലും മണ്ണും കോൺക്രീറ്റ് കട്ടകളും സർവീസ് റോഡിൽ വാഹനങ്ങൾക്ക് മുകളിലേക്ക് വീണ് അപകടം സംഭവിക്കാതിരിക്കാനാണ് ഇവ പൊളിച്ച് മാറ്റിയത്. കൂടാതെ മഴ കനക്കുന്ന സാഹചര്യം കണക്കിലെടുത്ത് കൂടുതൽ ഡ്രൈനേജ് സംവിധാനങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. നിലവിൽ ഹൈവെ അടച്ചതിനെ തുടർന്ന് കോഴിക്കോട് ഭാഗത്ത് നിന്ന് തൃശൂർ ഭാഗത്തേക്കുള്ള വാഹനങ്ങൾ കൊളപ്പുറത്ത് നിന്ന് താഴെ കൊളപ്പുറം പനമ്പുഴക്കടവ് കൂരിയാട് വഴിയും തൃശ്ശൂർ ഭാഗത്ത് നിന്ന് വരുന്നവ കക്കാട് തിരൂരങ്ങാടി മമ്പുറം വി കെ പടി വഴി ദേശിയ പാതയിലേക്ക് പ്രവേശിക്കുന്നത്. ഇടുങ്ങിയ റോഡിലൂടെ വലിയ വാഹനങ്ങളടക്കം ഇടതടവില്ലാതെ കടന്ന് പോവുന്നത് രൂക്ഷമായ ഗതാഗത തടസ്സമുണ്ടാക്കുന്നുണ്ട്.
കൂരിയാട് തകർന്ന ദേശീയപാത : ആറുവരിപ്പാതയിൽ പുനർ നിർമ്മാണം തുടങ്ങി
admin